Pages

Thursday, 2 July 2020

ബാര്‍കോഴയും നോട്ടെണ്ണല്‍ യന്ത്രവും സി.പി.എം. പറഞ്ഞതെല്ലാം വിഴുങ്ങി; നില്‍ക്കണോ പോകണോ? ജോസിന്റെ അണികള്‍ ആശയക്കുഴപ്പത്തില്‍!

കോട്ടയം: കെ.എം മാണിക്കെതിരേ ബാര്‍ കോഴയും നോട്ടെണ്ണല്‍ യന്ത്രവും ഉയര്‍ത്തിക്കാട്ടി കടന്നാക്രമിച്ച സി.പി.എം. പറഞ്ഞതെല്ലാം വിഴുങ്ങി, ജോസ് കെ. മാണിക്കു പിന്നാലെ. മാണി വികാരം ആളിക്കത്തിച്ച് ഇടതുമുന്നണിയില്‍ ചേക്കേറാന്‍ ജോസും ശ്രമിക്കുമ്പോള്‍ അണികള്‍ ആശയക്കുഴപ്പത്തില്‍. ബാര്‍ കോഴ ആരോപണത്തില്‍ നിയമസഭയിലും പുറത്തും മാണിക്കു പരിചതീര്‍ത്ത യു.ഡി.എഫിനൊപ്പം നില്‍ക്കണോ മാണിയെ വേട്ടയാടിയ സി.പി.എമ്മിന്റെ കനിവില്‍ എല്‍.ഡി.എഫിലേക്കു പോകണോയെന്ന ചോദ്യമാണു ജോസ് വിഭാഗം അണികള്‍ നേരിടുന്നത്.

എല്‍.ഡി.എഫില്‍ ഇരിപ്പിടം പ്രതീക്ഷിച്ചുതന്നെയാണു യു.ഡി.എഫ്. തുറന്നിട്ട സമവായസാധ്യതയ്ക്കു നേരേ ജോസ് മുഖം തിരിക്കുന്നത്. ഇടതുമുന്നണിയില്‍ സി.പി.ഐയുടെ എതിര്‍പ്പ് ദുര്‍ബലമാകുമെന്നും ജോസിന്റെ ഉറ്റഅനുയായികള്‍ കരുതുന്നു. ഇടതുമുന്നണിയിലെത്തിയാല്‍ പത്തോളം സീറ്റുകളാണു സി.പി.എം. നേതൃത്വം ജോസിനു വാഗ്ദാനം ചെയ്തിട്ടുള്ളത്. സി.പി.എം. കോട്ടയം ജില്ലാനേതൃത്വം ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തിനൊപ്പമാണ്. പാലാ സീറ്റിന്റെ പുതിയ അവകാശികളാണെങ്കിലും സി.പി.എം. പറയുന്നതിനപ്പുറം എന്‍.സി.പി. നീങ്ങില്ല. എന്നാല്‍, ജോസിനെ സ്വാഗതം ചെയ്യുമ്പോഴും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണു സിറ്റിങ് എം.എല്‍.എ. മാണി സി. കാപ്പന്‍. പാലാ പിടിച്ചെടുത്ത കാപ്പനെ തള്ളിപ്പറയാനും സി.പി.എമ്മിനു കഴിയില്ല.

ജോസ് പക്ഷത്തെ പ്രബലരായ റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍, ജോസഫ് എം. പുതുശ്ശേരി, ഇ.ജെ. ആഗസ്തി തുടങ്ങിയ നേതാക്കള്‍ക്ക് എല്‍.ഡി.എഫിനോടു മമതയില്ല. അവരുടെ നിലപാടനുസരിച്ചാകും ജോസിന്റെ ഇടതുബാന്ധവം. എന്നാല്‍, എല്‍.ഡി.എഫ്. ബന്ധം അണികളോടു വിശദീകരിക്കാന്‍ ജോസിനു വിയര്‍ക്കേണ്ടിവരും. കെ.എം. മാണിയെ അപമാനിച്ചതു സി.പി.എമ്മും എല്‍.ഡി.എഫുമാണെന്ന പ്രചാരണത്തിനു യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍തന്നെ തുടക്കമിട്ടതു ജോസ് പക്ഷത്തെ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ്. മാണി വികാരം ഉയര്‍ത്തിയുള്ള ജോസിന്റെ നീക്കത്തെ അതേ നാണയത്തില്‍ നേരിടുകയാണു തന്ത്രം.



from mangalam.com https://ift.tt/3iulJhc
via IFTTT

No comments:

Post a Comment