Pages

Thursday, 2 July 2020

ജോസിനെ 'ലയിപ്പിച്ച് ' എല്‍.ഡി.എഫില്‍ എടുക്കാന്‍ സി.പി.എം. ; ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെയും സ്‌കറിയാ തോമസ് വിഭാഗത്തെയും ചേര്‍ത്ത് ഒറ്റക്കക്ഷിയാക്കും

തിരുവനന്തപുരം: എല്‍.ഡി.എഫിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെയും യു.ഡി.എഫിനു പുറത്തായ ജോസ് കെ. മാണി വിഭാഗത്തെയും ''ലയിപ്പിച്ച്'' കൂടെനിര്‍ത്താന്‍ ഇടതുനീക്കം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേരളാ കോണ്‍ഗ്രസ് ഏകീകരണത്തിലൂടെ ജോസ് വിഭാഗത്തെ എല്‍.ഡി.എഫില്‍ എത്തിക്കാന്‍ ചര്‍ച്ചകളാരംഭിച്ചു. ഒന്നിച്ചുനില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനോടും സ്‌കറിയാ തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിനോടും സി.പി.എം നേതൃത്വം നിര്‍ദേശിച്ചു. എങ്ങനെയും ജോസ് വിഭാഗത്തെ എല്‍.ഡി.എഫിലെത്തിച്ച് മധ്യതിരുവിതാംകൂറില്‍ നേട്ടമുണ്ടാക്കുകയാണു ലക്ഷ്യം.

മൂന്നു കേരളാ കോണ്‍ഗ്രസുകളുടെ ഏകീകരണത്തിലൂടെ എല്‍.ഡി.എഫിലെ കക്ഷിബാഹുല്യം കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഫ്രാന്‍സിസ് ജോര്‍ജ് പി.ജെ. ജോസഫിനൊപ്പം യു.ഡി.എഫില്‍ ചേക്കേറിയതോടെ എല്‍.ഡി.എഫില്‍ ശേഷിക്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ദുര്‍ബലമാണ്. സ്‌കറിയാ തോമസ് വിഭാഗത്തിന്റെ അവസ്ഥയും മറിച്ചല്ല. കക്ഷിബാഹുല്യം നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭനത്തെയും ബാധിക്കുമെന്നാണു സി.പി.എം. വിലയിരുത്തല്‍. ജോസ് കെ. മാണിയുമായുള്ള തര്‍ക്കത്തിന്റെ പേരിലാണു ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കേരളാ കോണ്‍ഗ്രസ് (എം) വിട്ട് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചത്. ജോസ് പക്ഷത്തെ ഒപ്പം കൂട്ടുന്നതില്‍ പ്രതിഷേധിച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസോ സ്‌കറിയാ തോമസ് വിഭാഗമോ മുന്നണി വിട്ടാല്‍ കാര്യമാക്കേണ്ടെന്നാണു സി.പി.എം. നിലപാട്. ജോസിനെ സ്വീകരിക്കുന്നതില്‍ എതിര്‍പ്പുയര്‍ത്തുന്ന സി.പി.ഐയെ അനുനയിപ്പിക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

എന്നാല്‍, ജോസ് വിഭാഗത്തെ സി.പി.എം. പ്രശംസിക്കുമ്പോഴും സി.പി.ഐ. ഇതുവരെ വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണു ജോസ് വിഭാഗം യു.ഡി.എഫിലെ ജനപിന്തുണയുള്ള കക്ഷിയാണെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുകഴ്ത്തിയത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും ജോസ് വിഭാഗത്തിന് അനുകൂലമായി പ്രതികരിച്ചിരുന്നു. ജോസ് വിഭാഗത്തെ ഇടതുമുന്നണി പരിഗണിക്കുമെന്നും ഇപ്പോള്‍ ബാര്‍ കോഴ സമരമില്ലെന്നുമായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രതികരണം. എന്നാല്‍, ജോസ് വിഭാഗത്തെ സ്വീകരിക്കുന്നത് ഇടതുമുന്നണിയുടെ അജന്‍ഡയിലില്ലെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. അതേസമയം, ജോസ് വിഭാഗം എല്‍.ഡി.എഫിലേക്കു വരേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും കാനം വ്യക്തമാക്കി.



from mangalam.com https://ift.tt/2BxOp8b
via IFTTT

No comments:

Post a Comment