റോം : വടക്കന്‍ ഇറ്റലിയിലെ ട്രെന്റ്റിനോയിലെ മലനിരകളില്‍ ഹൈക്കിംഗിനെത്തിയ പിതാവിനെയും മകനെയും ആക്രമിച്ച ബ്രൗണ്‍ കരടിയെ കൊല്ലാന്‍ ഉത്തരവിട്ട അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ മൃഗസംരക്ഷകര്‍.
കഴിഞ്ഞ തിങ്കളാഴ്ച പെല്ലെര്‍ പര്‍വതനിരകളില്‍ ഹൈക്കിംഗിനിടെയാണ് ഫാബിയോ മിസെറോനി ( 59 ), മകന്‍ ക്രിസ്റ്റ്യന്‍ മിസെറോനി ( 28 ) എന്നിവര്‍ക്ക് മുന്നിലേക്ക് കൂറ്റന്‍ കരടി ചാടി വീണത്. ക്രിസ്റ്റ്യന്റെ കാലില്‍ കരടി കടിക്കുകയായിരുന്നു. ഇതിനിടെ ഫാബിയോ കരടിയുടെ പുറത്ത് ചാടിക്കയറി. ക്രിസ്റ്റ്യന്റെ കാലില്‍ നിന്നും പിടിവിട്ട കരടി ഫാബിയോയുടെ നേര്‍ക്ക് തിരിഞ്ഞു. കരടിയുടെ ആക്രമണത്തില്‍ ഫാബിയോയുടെ കാല്‍ ഒടിയുകയും മുറിവേല്‍ക്കുകയും ചെയ്തു. ക്രിസ്റ്റ്യന്‍ ശബ്ദമുണ്ടാക്കിയും മറ്റും കരടിയെ കാടിലേക്ക് തിരികെ ഓടിക്കുകയായിരുന്നു. തലനാരിഴെയാണ് ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടത്.
സംഭവത്തില്‍ മനുഷ്യരെ ആക്രമിക്കുന്ന കരടികളെ ദയാവധത്തിന് വിധേയമാക്കണമെന്ന് ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് റിസേര്‍ച്ച് റെഗുലേഷന്‍സ് ആവശ്യപ്പെടുകയായിരുന്നു. ഫാബിയോ, മകന്‍ ക്രിസ്റ്റ്യന്‍ എന്നിവരെ ആക്രമിച്ച കരടിയെ പിടികൂടി കൊല്ലാനുള്ള ഉത്തരവില്‍ ട്രെന്റ്റിനോയിലെ ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ സംഭവത്തെ തുടര്‍ന്ന് കരടിയെ കൊല്ലാനുള്ള ഉത്തരവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മൃഗസംരക്ഷണ സംഘങ്ങള്‍. സംഭവത്തെ പറ്റി വിശദമായ അന്വേഷണം വേണമെന്നും അച്ഛനും മകനും കരടിയെ പ്രകോപിച്ചതാണോ ആക്രമണത്തിന് കാരണമെന്ന് അറിയേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തങ്ങള്‍ കരടിയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ യാതൊന്നും ചെയ്തില്ലെന്നും കരടി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും ഫാബിയോയും ക്രിസ്റ്റ്യനും പറയുന്നു.
ഇരുവരുടെയും ശരീരത്തുണ്ടായ മുറിവുകളിലും വസ്ത്രങ്ങളില്‍ നിന്നും ശേഖരിച്ച കരടിയുടെ ഡി.എന്‍.എ ഉപയോഗിച്ച് ' യഥാര്‍ത്ഥ കുറ്റവാളിയായ ' കരടിയെ കണ്ടെത്തി കൊല്ലാനായിരുന്നു അധികൃതരുടെ നീക്കം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയില്‍ കരടിയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ ആക്രമകാരികളായ കരടികളുടെ ഉമിനീര്, രോമങ്ങള്‍ എന്നിവയില്‍ നിന്നും ശേഖരിച്ച ഡി.എന്‍.എ സംബന്ധിച്ച ഡേറ്റാബേസ് അധികൃതര്‍ സൂക്ഷിച്ചിട്ടുണ്ട്. സുരക്ഷാ ക്യാമറകളും വനപ്രദേശങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇറ്റലിയിലെ ആനിമലിസ്റ്റി ഇറ്റാലിയാനി, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കരടിയെ കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 15,000 ത്തോളം പേര്‍ ഒപ്പിട്ട പരാതി അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.
from mangalam.com https://ift.tt/3il91kq
via IFTTT
No comments:
Post a Comment