അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ മുന്നണികള്‍ ഞെട്ടി ; പാലായില്‍ മാണി ബന്ധം തുടരാന്‍ യുഡിഎഫ്; സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിഷയ്ക്ക് മുന്‍ഗണന - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 25 August 2019

അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ മുന്നണികള്‍ ഞെട്ടി ; പാലായില്‍ മാണി ബന്ധം തുടരാന്‍ യുഡിഎഫ്; സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിഷയ്ക്ക് മുന്‍ഗണന

ന്യൂഡല്‍ഹി: രാഷ്ട്രീയ കേരളം കാത്തിരുന്ന പാലാ ഉപതെരഞ്ഞെടുപ്പിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടി മുന്നണികള്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും മൂന്നു മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കു കടന്നിരുന്നില്ല. മറ്റന്നാള്‍ പത്രികാ സമര്‍പ്പണം ആരംഭിച്ചു സെപ്റ്റംബര്‍ നാലിന് അവസാനിക്കുമെന്നതിനാല്‍ മുന്നണികള്‍ക്ക് ഇനി മിന്നല്‍ വേഗത്തില്‍ നീങ്ങേണ്ടി വരും. പ്രചാരണത്തിനു ലഭിക്കുന്നതും ചുരുങ്ങിയ സമയം മാത്രം.

യു.ഡി.എഫ്. ഇന്നും എല്‍.ഡി.എഫ്. നാളെയും തിരുവനന്തപുരത്തു യോഗം ചേരുന്നുണ്ട്. യു.ഡി.എഫില്‍ നിഷ ജോസ് മുതല്‍ ഇ.ജെ. ആഗസ്തി, ജോയി ഏബ്രഹാം വരെയുള്ള പേരുകള്‍ പറയുന്നുണ്ടെങ്കിലും സജീവ ചര്‍ച്ചയായിരുന്നില്ല. പൊതുസമ്മത സ്ഥാനാര്‍ഥിയേയും തേടുന്നുണ്ട്. കേരളാ കോണ്‍ഗ്രസി(എം)ലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണു പാര്‍ട്ടിയുടെ സിറ്റിങ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ പരിഹരിച്ചു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നതു യു.ഡി.എഫിനു വെല്ലുവിളിയാകും. നിലവില്‍ നിഷയ്ക്കു തന്നെയാണു മുന്‍ഗണനയെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. പാലായും കെ.എം. മാണിയും തമ്മിലുള്ള ബന്ധം തുടരാന്‍ കുടുംബത്തില്‍നിന്നുള്ള ഒരാള്‍ തന്നെ വരട്ടെയെന്നാണു നിഷയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

എല്‍.ഡി.എഫില്‍ കഴിഞ്ഞ മൂന്നു തവണയും മത്സരിച്ച എന്‍.സി.പിയിലെ മാണി സി. കാപ്പന്‍ അടിത്തട്ടില്‍ പ്രചാരണം തുടങ്ങിയെങ്കിലും എല്‍.ഡി.എഫ്. ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. മാണിയുടെ മരണത്തിനു ശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എന്‍.സി.പി. നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു മാണി സി. കാപ്പനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് എല്‍.ഡി.എഫില്‍ പൊട്ടിത്തെറിക്കു കാരണമായിരുന്നു. സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന വാദവും സി.പി.എമ്മിലുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ മൂന്നാഴ്ച മുമ്പ് പാര്‍ട്ടിയുടെ പഠന ക്യാമ്പിനു മേല്‍നോട്ടം വഹിക്കാന്‍ പാലായില്‍ എത്തിയതും സി.പി.എമ്മിനു മണ്ഡലത്തോടുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നു. എങ്കിലും സീറ്റ് എന്‍.സി.പിക്കു തന്നെ നല്‍കുമെന്നാണു സൂചന. മാണിയോട് ഒന്നിലേറെ തവണ ഏറ്റമുട്ടി ഭൂരിപക്ഷം കുറച്ചതും മണ്ഡലത്തില്‍ സുപരിചിതനെന്നതും കാപ്പനു തുണയാകുമെന്ന് എന്‍.സി.പി. കരുതുന്നു.

ബി.ജെ.പിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജില്ലാ പ്രസിഡന്റ് എന്‍. ഹരിക്കാണു പ്രഥമ പരിഗണന. അടുത്തിടെ എന്‍.ഡി.എയിലെത്തിയ പി.സി. ജോര്‍ജിന്റെ പിന്തുണയും ഹരിക്കുണ്ടാകും. റബര്‍ ബോര്‍ഡ് മുന്‍ െവെസ് ചെയര്‍മാന്‍ കെ.പി. ജയസൂര്യന്‍, എന്‍. നാരായണന്‍ നമ്പൂതിരി എന്നിവരുടെ പേരുകളും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അട്ടിമറിയിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു ബി.ജെ.പി.

പാലാ ഉപതെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസി(എം)നും കോണ്‍ഗ്രസിനും തന്നെയാണ് ഏറ്റവും വലിയ അഗ്നിപരീക്ഷയാകുക. മികച്ച ഭൂരിപക്ഷം നിലനിര്‍ത്തുകയെന്നതാണു യു.ഡി.എഫും കേരളാ കോണ്‍ഗ്ര(എം)സും നേരിടുന്ന പ്രധാന വെല്ലുവിളി. കേരളാ കോണ്‍ഗ്രസി(എം)ലുണ്ടായ ഭിന്നിപ്പു പരിഹരിക്കുകയെന്നതാണു മറ്റൊരു കടമ്പ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍നിന്നു നേടിയ 33,472 വോട്ട് ഭൂരിപക്ഷം മറികടക്കുന്ന വിജയം നേടണമെന്നാണു യു.ഡി.എഫ്. സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

കേരളാ കോണ്‍ഗ്രസി(എം)ന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്ന പരീക്ഷ കൂടിയാകും ഉപതെരഞ്ഞെടുപ്പ്. അധികാരം ഉറപ്പിക്കാന്‍ ജോസ് കെ. മാണിയും കോട്ടയം ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മാറ്റാന്‍ പി.ജെ. ജോസഫും കച്ചകെട്ടി ഇറങ്ങിയാല്‍ വിയര്‍ക്കുക കോണ്‍ഗ്രസാകും. യു.ഡി.എഫ്. പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ഥിയെ അംഗീകരിക്കുമെന്നും നിഷ ജോസിനു വിജയസാധ്യതയുണ്ടെങ്കില്‍ അംഗീകരിക്കുമെന്നും പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും ചിഹ്‌നം അനുവദിക്കാനുള്ള അധികാരം തനിക്കാണെന്ന് ആവര്‍ത്തിച്ചതു പോരിലേക്കു വിരല്‍ ചൂണ്ടുന്നു.

നിലവിലെ സാഹചര്യത്തില്‍ ജോസ് കെ. മാണി നിര്‍ദേശിക്കുന്നയാള്‍ സ്ഥാനാര്‍ഥിയാകാനാണു സാധ്യത. എന്നാല്‍, അദ്ദേഹത്തിന്റെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നതു പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനവും ചിഹ്‌നം അനുവദിക്കലും പി.ജെ. ജോസഫിനു ലഭിക്കാനാണു സാധ്യത.

ഫലത്തില്‍ ജോസ് കെ. മാണിയുടെ സ്ഥാനാര്‍ഥിയെ ജോസഫും ചിഹ്‌നം അനുവദിക്കാനുള്ള ജോസഫിന്റെ അധികാരത്തെ ജോസിനും സ്വീകരിക്കേണ്ടിവരും.ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കുമെങ്കിലും ഈ കീഴടങ്ങല്‍ കേരളാ കോണ്‍ഗ്രസിലും യു.ഡി.എഫിലും വരുംനാളുകളില്‍ ചേരിപ്പോരിനു കാരണമാകുമെന്നുറപ്പ്.

ജോസ് കെ.മാണിയുടെ സ്ഥാനാഥിക്കു ജോസഫ് ചിഹ്‌നം അനുവദിക്കുന്ന സാഹചര്യമുണ്ടായാല്‍ ജോസഫിനെ യു.ഡി.എഫ്. അംഗീകരിക്കുന്നതിനു തുല്യമാകുമെന്നു ജോസ് വിഭാഗം ഭയക്കുന്നുണ്ട്. എന്നാല്‍, കോട്ടയം ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് അതേ നാണയത്തില്‍ പകരം വീട്ടാനുള്ള അവസരമായാണു ജോസഫ് വിഭാഗം ഈ നീക്കങ്ങളെ കാണുന്നത്.

ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ചു തെരഞ്ഞെടുപ്പിനു സജ്ജമാക്കുകയെന്ന വെല്ലുവിളിയാണു കോണ്‍ഗ്രസിന്റെ മുന്നിലുള്ളത്. രണ്ടു വിഭാഗങ്ങളെയും ഭിന്നിപ്പിച്ചു നിര്‍ത്തിക്കൊണ്ടു തന്നെ വിജയം നേടുകയാണു കോണ്‍ഗ്രസിന്റെ മുന്നിലുള്ള ലക്ഷ്യം. മുസ്ലിം ലീഗിന്റെ ശക്തമായ പിന്തുണ ജോസ് കെ.മാണി വിഭാഗത്തിനുള്ളതിനാല്‍ പരിധിവിട്ടുള്ള നീക്കങ്ങള്‍ക്കു കോണ്‍ഗ്രസ് മുതിരില്ല.



from mangalam.com https://ift.tt/2KYaf6V
via IFTTT

No comments:

Post a Comment

Pages