Pages

Tuesday, 18 May 2021

കോവിഡ് ചികിത്സ: റെംഡെസീവിറും പിന്‍വലിക്കണമെന്ന് ആവശ്യം; ഡല്‍ഹിയില്‍ ബ്ലാക്ക് ഫംഗസ് വര്‍ധിക്കുന്നു

ന്യുഡല്‍ഹി: കോവിഡ് ചികിത്സയില്‍ നിന്ന് റെംഡെസീവിര്‍ മരുന്ന് പിന്‍വലിക്കണമെന്ന് ആവശ്യം. ഇത് കോവിഡ് രോഗികളില്‍ കാര്യമായ പ്രയോജനം ലഭിക്കുമെന്നതിന് ഒരു തെളിവുമില്ലെന്ന് ഗംഗറാം ആശുപത്രി ചെയര്‍പേഴ്‌സണ്‍ ഡോ. ഡി.എസ് റാണ പറഞ്ഞു. കോവിഡ് ചികിത്സയില്‍ നിന്ന് പ്ലാസ്മ ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍ ശിപാര്‍ശ ചെയ്തിരുന്നു.

പ്ലാസ്മ ചികിത്സയില്‍ മുന്‍പ് രോഗം വന്ന് ഭേദമായവരില്‍ നിന്ന് സ്വീകരിക്കുന്ന പ്ലാസ്മയാണ് ഉപയോഗിക്കുന്നത്. ഇത് കോവിഡ് രോഗിയുടെ ശരീരത്തില്‍ ആന്റിബോഡിയായി പ്രവര്‍ത്തിക്കുകയും കോവിഡ് വൈറസിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും. വൈറസ് ആക്രമിക്കുമ്പോഴാണ് ആന്റിബോഡികള്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വന്നിരുന്ന പ്ലാസ്മ ചികിത്സയില്‍ കോവിഡ് രോഗികളുടെയോ മറ്റുള്ളവരുടെയോ അവസ്ഥയില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ പ്ലാസ്മയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. മാത്രമല്ല, അത് കിട്ടാനും ബുദ്ധിമുട്ടാണ്. ശാസ്ത്രീയ അടിസ്ഥാനത്തിലാണ് പ്ലാസ്മ ചികിത്സ തുടങ്ങിയതെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അത് നിര്‍ത്തലാക്കുന്നതെന്നും ഡോ. ഡി.എസ് റാണ പറയുന്നു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യം പരിശോധിച്ചാല്‍ റെംഡെസീവിറിനും കോവിഡ് മാറ്റാന്‍ കഴിയുമെന്ന ഒരു തെളിവുമില്ല. പ്രവര്‍ത്തനക്ഷമമല്ലാത്ത ആ മരുന്നും ചികിത്സയില്‍ നിന്ന് ഒഴിവാക്കണം.-ഡോ.റാണ പറയുന്നു. നിലവില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മൂന്ന് മരുന്നുകള്‍ മാത്രമാണ് ഫലപ്രദമായിട്ടുള്ളതെന്നും ഡോ. റാണ പറഞ്ഞു.

അതേസമയം, ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നും ബ്ലാക്ക് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് വരുന്നു. ഡോക്ടര്‍മാരുടെ സേവനം പോലും തേടാതെ വീടുകളില്‍ കഴിയുന്ന രോഗികള്‍ സ്റ്റീറോയ്ഡ് മരുന്നുകള്‍ സ്വയം ഉപയോഗിക്കുന്നതാണ് ഇതിനു കാരണമെന്ന് അധികൃതര്‍ പറയുന്നു. തലച്ചോര്‍, ശ്വാസകോശം, സൈനസ് എന്നിവയെ ബാധിക്കുന്ന ഫംഗസ് പ്രമേഹ രോഗികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

പ്രമേഹം, വൃക്കരോഗങ്ങള്‍, കരള്‍ പ്രശ്‌നങ്ങള്‍, പ്രായാധിക്യം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ആമവാതം പോലെയുള്ള സന്ധി രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കാണ്് മ്യൂര്‍കോമൈകോസിസ് ദോഷമായി ബാധിക്കുകയെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി മുതിര്‍ന്ന കണ്‍സള്‍ട്ടന്റ് ഇഎന്‍ടി ഡോ.സുരേഷ് സിംഗ് നരുക ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ സ്റ്റീറോയ്ഡ് അമിതമായി പയോഗിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പ്രതിരോധശേഷി കുറയുകയും ഫംഗസിനെ പുഷ്ടിപ്പെടുത്തുമെന്നും ഡോ. സുരേഷ് സിംഗ് നരുക പറയുന്നു.



from mangalam.com https://ift.tt/2QtsoPg
via IFTTT

No comments:

Post a Comment