Pages

Tuesday, 18 May 2021

ആഭ്യന്തരം, ഐടി വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും ; കെ.കെ.ഷൈലജയ്ക്ക് പകരം ആരോഗ്യവകുപ്പ് ആര്‍ക്ക്?

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ. ഷൈലജയെ മാറ്റിയതോടെ പുതിയ മന്ത്രിസഭയില്‍ ആകാംഷയില്‍ ആയിരിക്കുന്നത് ആരോഗ്യവകുപ്പ് സംബന്ധിച്ച തീരുമാനം. രൂക്ഷമായി തുടരുന്ന കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ഈ വകുപ്പ് ആരെ ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ തന്നെ ഏറ്റവും ശ്രദ്‌ധേയമായി മാറിയ വകുപ്പ് കൂടിയായതിനാല്‍ ഏറെ ആലോചിച്ചേ ഇക്കാര്യത്തില്‍ സിപിഎം തീരുമാനമെടുക്കുകയുള്ളൂ.

വകുപ്പ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നുണ്ട്. ഇന്ന് തന്നെ വകുപ്പ് വിഭജനത്തില്‍ തീരുമാനം ഉണ്ടാകും. ഷൈലജ ടീച്ചറെ ആരോഗ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്ന് നേരത്തേ തന്നെ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പില്‍ നിന്നും മാറ്റി ധനവകുപ്പ് നല്‍കിയേക്കുമെന്നായിരുന്നു വിവരം. എന്നാല്‍ പുതുമുഖങ്ങളെ പരീക്ഷിക്കുന്നത് വെച്ച് ഷൈലജ ടീച്ചറെ പൂര്‍ണ്ണമായി മാറ്റി നിര്‍ത്തിയതോടെ തോമസ് ഐസക് വിദഗ്ദ്ധമായി കൈകാര്യം ചെയ്ത ധനവകുപ്പ് പി. രാജീവോ കെ.എന്‍ ബാലഗോപാലോ ആകുമെന്നാണ് സൂചനകള്‍.

ആഭ്യന്തരം, ഐടി വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്‌തേക്കാനാണ് സാധ്യത. എംവി ഗോവിന്ദനും സുപ്രധാന വകുപ്പുകളില്‍ ഒന്ന് നല്‍കിയേക്കും. തദ്ദേശഭരണമോ വ്യവസായമോ കിട്ടിയേക്കാനാണ് സാധ്യത. ദേവസ്വം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം വകുപ്പുകള്‍ ശിവന്‍കുട്ടിക്കും എക്‌സൈസ് വിഎന്‍ വാസവനും നല്‍കിയേക്കും. കെ.ടി. ജലീല്‍ കൈകാര്യം ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍ ബിന്ദുവിന് കിട്ടിയേക്കും. എ.കെ. ബാലന്‍ കൈകാര്യം ചെയ്തിരുന്ന നിയമ, പട്ടികജാതിക്ഷേമം വകുപ്പുകളിലേക്ക് കെ. രാധാകൃഷ്ണനെ പരിഗണിച്ചേക്കും. സജി ചെറിയാന് കയര്‍ നല്‍കിയേക്കാനാണ് സാധ്യത.

ഘടകകക്ഷികളില്‍ എന്‍സിപിയ്ക്കും ജെഡിഎസിനും കഴിഞ്ഞ തവണത്തെ തന്നെ വകുപ്പുകള്‍ നല്‍കും. അതേസമയം ഐഎന്‍എല്‍, കേരളാകോണ്‍ഗ്രസ് എം, ജനാധിപത്യ കേരളാകോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ഏത് വകുപ്പ് നല്‍കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ട്. സിപിഎം പൊതുമരാമത്തോ ഫിഷറീറോ വിട്ടുകൊടുക്കുമ്പോള്‍ സിപിഐ മിക്കവാറും വനം വകുപ്പ് വിട്ടുകൊടുത്തേക്കാനും സാധ്യതയുണ്ട്. സിപിഐ വനം വിട്ടുകൊടുത്ത് പകരം കിട്ടുന്ന വകുപ്പിലേക്ക് ആദ്യമായി സിപിഐ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ള ഏക വനിത ചിഞ്ചുറാണിക്ക് നല്‍കിയേക്കും. കഴിഞ്ഞ തവണ സുനില്‍കുമാര്‍ കൈകാര്യം ചെയ്ത കൃഷി വകുപ്പ് പി. പ്രസാദിനെയാകും ഏല്‍പ്പിക്കുക. ജി.ആര്‍ അനിലിന് ഭക്ഷ്യ സിവില്‍ സപളൈസ് വകുപ്പുകള്‍ നല്‍കും. കെ.രാജന്‍ റവന്യൂ വകുപ്പ് മന്ത്രിയായേക്കും.



from mangalam.com https://ift.tt/3oqF9Xy
via IFTTT

No comments:

Post a Comment