പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ പദവികള്‍ നഷ്‌ടമായി, തലമുറമാറ്റം എന്ന മുറവിളിയ്ക്ക് അവസാനം; വി.ഡി. സതീശന്‍ പുതുകാലത്തിന്‌ കാത്തുവച്ച നേതാവ്‌ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 22 May 2021

പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ പദവികള്‍ നഷ്‌ടമായി, തലമുറമാറ്റം എന്ന മുറവിളിയ്ക്ക് അവസാനം; വി.ഡി. സതീശന്‍ പുതുകാലത്തിന്‌ കാത്തുവച്ച നേതാവ്‌

തലമുറമാറ്റം എന്ന മുറവിളി കോണ്‍ഗ്രസ്‌ അണികളില്‍നിന്നുയര്‍പ്പോള്‍ ആദ്യം പുറത്തുവന്ന പേരാണു വി.ഡി. സതീശന്റേത്‌. രാഷ്‌ട്രീയ ജീവിതത്തില്‍ പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ പദവികള്‍ നഷ്‌ടമായ സതീശന്‌ ഇത്തവണയും അങ്ങനെ സംഭവിക്കുമോയെന്നു ഭയന്ന അണികള്‍ക്ക്‌ ആശ്വാസമായി ഹൈക്കമാന്‍ഡിന്റെ തീരുമാനം.

യുവത്വത്തെ ക്ഷണിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ വി.ഡി. സതീശന്‍ എന്ന കൊച്ചി നെട്ടൂര്‍ സ്വദേശിയുടെ പ്രായം വെറും സംഖ്യയായിമാറി. തന്റെ 57-ാം പിറന്നാള്‍ ദിനത്തിന്‌ കേവലം ഒരാഴ്‌ചമുമ്പ്‌ പാര്‍ട്ടിയെ നിയമസഭയ്‌ക്കുള്ളിലും പുറത്തും നയിക്കാനുള്ള നിയോഗം.

1986ല്‍ വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ കടന്നുവന്ന സതീശന്‍ എന്‍.എസ്‌.യുവിന്റെ ദേശീയ സെക്രട്ടറിയായി മാറിയെങ്കിലും പിന്നീട്‌ അഭിഭാഷകവൃത്തിയിലേക്ക്‌ തിരിഞ്ഞു. എ.കെ. ആന്റണിയാണു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സതീശനെ പ്രേരിപ്പിച്ചത്‌. അതേ ആന്റണിതന്നെ ഇന്നലത്തെ സുപ്രധാന തീരുമാനത്തിനു പിന്നിലും ഉണ്ടായെന്നത്‌ യാദൃശ്‌ചികം.

സ്വന്തം നാടല്ലെങ്കിലും പറവൂര്‍ തട്ടകമാക്കിയ സതീശന്‍ 1996ലെ ഇടതുതരംഗത്തില്‍ തോല്‍വിയറിഞ്ഞു. എക്കാലവും ഇടതുകോട്ടയെന്ന്‌ അറിയപ്പെട്ടിരുന്ന വടക്കെക്കര ഉള്‍പ്പെട്ട ഈ മണ്ഡലം പിന്നീട്‌ തന്റെതാക്കിമാറ്റി. ഇടതുപക്ഷത്തെ വമ്പന്‍മാരെ മത്സരിക്കാനിറക്കി സതീശനെ കീഴ്‌പ്പെടുത്താന്‍ നടത്തിയശ്രമങ്ങളൊന്നും വിജയിച്ചില്ല. അഞ്ചാംവട്ടം പറവൂരില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കേരളമാകെ ഇടതുതരംഗം അലയടിക്കുമ്പോഴും 21,301 വോട്ടിന്റെ ഭൂരിപക്ഷം നേടി പാര്‍ട്ടിയെ പോലും ഞെട്ടിച്ചു.

തുടര്‍ച്ചയായ വിജയങ്ങള്‍ വരുമ്പോള്‍ ഉന്നത പദവികളിലേക്ക്‌ സതീശന്റെ പേര്‌ എപ്പോഴും ഉയര്‍ന്നുവരുമായിരുന്നു. പലവട്ടം മന്ത്രിയായും സ്‌പീക്കറായും സതീശനെ നിര്‍ദേശിച്ച പാര്‍ട്ടി, അവസാന നിമിഷം പിന്‍വാങ്ങുന്ന കാഴ്‌ചയാണു രാഷ്‌ട്രീയ കേരളം കണ്ടത്‌. എന്നും ഐ ഗ്രൂപ്പുകാരനായിരുന്ന സതീശനു നിര്‍ണായക ഘട്ടങ്ങളിലൊന്നും ഗ്രൂപ്പിന്റെ പിന്തുണയും ലഭിച്ചിട്ടില്ല. ഗ്രൂപ്പ്‌ സംഘടനയെ വിഴുങ്ങരുതെന്ന നിലപാടുകാരനാണ്‌ അദ്ദേഹം.

2011ല്‍ സ്‌പീക്കറാകാന്‍ ക്ഷണിച്ചെങ്കിലും രാഷ്‌ട്രീയ വഴികാട്ടിയായിരുന്ന ജി. കാര്‍ത്തികേയനു വഴിമാറി. വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ലോട്ടറിക്കേസില്‍ സതീശന്‍ നടത്തിയ പരസ്യസംവാദമാണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്‌. ആ സംവാദം പിന്നിട്‌ ടി.എം. തോമസ്‌ ഐസക്ക്‌ ധനമന്ത്രിയായിരിക്കുന്ന ഘട്ടങ്ങളിലെല്ലാം ഇടതുസര്‍ക്കാരിനു മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ തുടര്‍ന്നു.
മികച്ച പ്രാസംഗികനായ വി.ഡി. സതീശന്‍ നിയമസഭയില്‍ പാര്‍ട്ടി ഉപാധ്യക്ഷനായിരിക്കെ യു.ഡി.എഫിന്റെ പോര്‍മുഖം തുറന്നു. പഠിച്ചശേഷം പറയുകയെന്ന നിലപാടുള്ള സതീശന്‍ ബജറ്റ്‌ പ്രസംഗങ്ങള്‍ ഇഴകീറി പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ ജനങ്ങളിലെത്തിച്ചു. പ്രളയകാലത്ത്‌ ഡാം മാനേജ്‌മെന്റിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ "ഹരിത എം.എല്‍.എ"മാരുടെ പട്ടികയില്‍ സതീശനും ഉള്‍പ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സെഷനില്‍ തന്റെ വാഗ്‌ധോരണി പ്രകടിപ്പിച്ച ഈ നേതാവ്‌, കഴിഞ്ഞ അവിശ്വാസ പ്രമേയ വേളയില്‍ വില്യം ഷേക്‌സ്‌പിയറിന്റെ മാര്‍ക്ക്‌ ആന്റണിയെ ഉദ്ധരിച്ചാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടത്‌. നിയമസഭാ ടിവി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരവും മറ്റാര്‍ക്കുമല്ല ലഭിച്ചത്‌.

1964 മേയ്‌ 31ന്‌ എറണാകുളത്തെ നെട്ടൂരില്‍ പരേതരായ വടശേരി കെ. ദാമോദര മേനോന്റെയും വിലാസിനി അമ്മയുടേയും മകനായാണു ജനനം. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരിയാണ്‌.

സംസ്‌ഥാനമെമ്പാടും ഓടിനടന്ന്‌ പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്റെ തുടര്‍ച്ചയാണ്‌ ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം. കെ.എസ്‌.യുവിലൂടെയാണു വി.ഡി. സതീശന്റെ രാഷ്‌ട്രീയ പ്രവേശനം. തേവര സേക്രട്ട്‌ ഹാര്‍ട്ട്‌ കോളജിലെ ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായിരുന്നു.

1986-87 കാലത്ത്‌ എം.ജി സര്‍വകലാശാല യൂണിയന്‍ വൈസ്‌ ചെയര്‍മാനായി. മൂര്‍ച്ചയുളള നാവും തേച്ചു മിനുക്കിയ ചിന്തയുമാണ്‌ സമകാലികരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വി.ഡി. സതീശനെ വേറിട്ടു നിര്‍ത്തിയത്‌. 1996ല്‍ പരാജയപ്പെട്ട പറവൂരില്‍നിന്നു തന്നെ 2001ല്‍ വിജയിച്ച്‌ നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവര്‍ത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ്‌ വിപ്പായിരുന്നു. കെ.പി.സി.സി വൈസ്‌ പ്രസിഡന്റായിരുന്നു. കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി അംഗം, യു.ഡി.എഫ്‌ ഉന്നതകാര്യ സമിതി അംഗം എന്നി പദവികള്‍ വഹിക്കുന്നുണ്ട്‌. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ശൈലി. പരിസ്‌ഥിതി വിഷയങ്ങളിലും ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചുമെല്ലാം പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്‌. ലക്ഷ്‌മി പ്രിയയാണു ഭാര്യ. മകള്‍ ഉണ്ണി മായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്‌. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്‌.

രാജുപോള്‍



from mangalam.com https://ift.tt/3oHrWJX
via IFTTT

No comments:

Post a Comment

Pages