Pages

Friday, 21 May 2021

പ്രതിപക്ഷ നേതൃസ്ഥാനം: കോണ്‍ഗ്രസില്‍ നേതാക്കള്‍ രണ്ടുതട്ടില്‍ ; ഹൈക്കമാന്റിനും ആശയക്കുഴപ്പം

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നിയമസഭാ സമ്മേളനത്തിനൊരുങ്ങുമ്പോഴും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടി നേതാക്കള്‍ രണ്ടു തട്ടിലായി മാറിയതോടെ ഹൈക്കമാന്റും ആശയക്കുഴപ്പത്തിലായി. പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള അവകാശവാദം കോണ്‍ഗ്രസിനെ ഗ്രൂപ്പു പോരിന് അപ്പുറത്തുള്ള ധ്രൂവീകരണത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രബലമായ എ, ഐ. ഗ്രൂപ്പുകള്‍ ഒന്നിച്ച് രമേശ് ചെന്നിത്തലതന്നെ പ്രതിപക്ഷനേതാവായി തുടരണം എന്നാവശ്യപ്പെട്ടു രംഗത്ത് വന്നതോടെ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം നീട്ടി. ഗ്രൂപ്പുകള്‍ക്കതീതമായി മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയുടെ പേരു പറഞ്ഞതോടെ പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ പ്രഖ്യാപിക്കാനിരുന്നത് നീട്ടിയത്. നേതാക്കള്‍ രമേശിനെയും വിഡി സതീശനെയും അനുകൂലിച്ച് ഇരുവിഭാഗങ്ങളിലായി ഒന്നിച്ചതോടെ അകല്‍ച്ചയ്ക്കും പിരിമുറുക്കത്തിനും ഇടയാക്കിയിരിക്കുകയാണ്.

പാര്‍ട്ടിയിലെ യുവ എംഎല്‍എമാര്‍ മാറ്റത്തിന് വേണ്ടി ഗ്രൂപ്പ് സമവാക്യം വെടിഞ്ഞ് ഇടപെടുമ്പോള്‍ സീനിയര്‍ നേതാക്കള്‍ രമേശ് ചെന്നിത്തലയക്ക് വേണ്ടിയും രംഗത്ത് വന്നു. എ ഗ്രൂപ്പിലും രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ചെന്നിത്തല കാഴ്ചവെച്ചതെന്നും അതിനാല്‍ അദ്ദേഹംതന്നെ തുടരട്ടെയെന്നുമാണ് ഉമ്മന്‍ചാണ്ടി നിരീക്ഷകരായി കേരളത്തിലെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വൈദ്യലിംഗത്തെയും അറിയിച്ചത്.

പ്രതിപക്ഷ നേതാവിനെ കണ്ടെത്തുന്നതിന്റെ സമ്മര്‍ദ്ദം ഇതോടെ സോണിയാഗാന്ധി രാഹുല്‍ ഗാന്ധിയ്ക്ക് പാസ് ചെയ്തിരിക്കുകയാണ്. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികമായതിനാല്‍ സോണിയാഗാന്ധി തല്‍ക്കാലം ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. അതേസമയം ഉമ്മന്‍ചാണ്ടിയുടെ അടക്കമുള്ളവരുടെ അഭിപ്രായം എളുപ്പത്തില്‍ തള്ളാന്‍ സോണിയയ്ക്ക് ആകാത്തതാണ് കാരണം. എ ഗ്രൂപ്പിലെ ഒമ്പതു പേരില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും ഉമ്മന്‍ചാണ്ടിയ്ക്കും രമേശിനും ഒപ്പമുണ്ട്. ഐ ഗ്രൂപ്പിലെ അഞ്ചു പേരും ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി കാണാന്‍ ആഗ്രഹിക്കുന്നു. ഗ്രൂപ്പുകള്‍ ഒന്നായി മുന്നോട്ടുവെച്ച ഈ ഫോര്‍മുല തള്ളാനാവാത്ത സ്ഥിതിയിലാണ് ഹൈക്കമാന്റും.

പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ തന്നെ ആയിരുന്നെന്ന വിലയിരുത്തലാണ് ഹൈക്കമാന്റിനുള്ളത്. സംഘടനാദൗര്‍ബല്യവും കോവിഡും സാമുദായിക സമവാക്യങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളും ഒക്കെ തോല്‍വിക്കു കാരണമായതായാണ് വിലയിരുത്തല്‍. അതേസമയം, പുതുമുഖങ്ങള്‍ വരുന്നത് പാര്‍ട്ടിക്ക് ഉണര്‍വാകുമെന്ന അഭിപ്രായവും ഹൈക്കമാന്‍ഡിനുണ്ട്.

ഗ്രൂപ്പിനതീതമായ മാറ്റത്തിനു വേണ്ടിയാണ് യുവാക്കള്‍ നിലകൊള്ളുന്നത്. വി.ഡി. സതീശനെ പ്രതീപക്ഷനേതാവാക്കണം എന്ന യുവ എം.എല്‍.എ.മാരുടെ ആവശ്യത്തിന് പാര്‍ലമെന്ററി പാര്‍ട്ടിക്ക് അപ്പുറം പാര്‍ട്ടിയിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കെ. മുരളീധരന്‍ അടക്കമുള്ളവര്‍ പുതിയവര്‍ വരട്ടെ എന്ന സന്ദേശം പരസ്യമായി നല്‍കിയിട്ടുണ്ട്. കെ. സുധാകരന്റെ പിന്തുണയും സതീശനെ പിന്തുണയ്ക്കുന്നവര്‍ ഉറപ്പാക്കി. വി.ഡി. സതീശനെ അനുകൂലിക്കുന്നവര്‍ക്കൊപ്പം, ഐ ഗ്രൂപ്പിലെ കെ.സി. വേണുഗോപാല്‍ വിഭാഗവും യോജിക്കാനുള്ള സാധ്യതകളാണ് ചിലര്‍ കാണുന്നത്.

പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനായി നിലകൊള്ളുന്ന കെ. സുധാകരനെ അനുകൂലിക്കുന്നവര്‍, പാര്‍ലമെന്ററി പാര്‍ട്ടിയിലടക്കം സമൂലമാറ്റം എന്ന ആശയം മുന്നോട്ടുവെക്കുന്നു. നേതൃസ്ഥാനത്തിനായി അവകാശതര്‍ക്കം വന്നത് ഐ ഗ്രൂപ്പില്‍ പുതിയ സമവാക്യം രൂപപ്പെടുന്നതിന് സാഹചര്യമൊരുക്കിയേക്കാം. പാര്‍ട്ടിയില്‍ ഇതുവരെ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെങ്കിലും നേതാക്കള്‍ തമ്മിലുള്ള മാനസികമായ അകല്‍ച്ചയ്ക്കും പിരിമുറുക്കത്തിനും പ്രതിപക്ഷ നേതൃസ്ഥാനം വഴിവെച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഗ്രൂപ്പിനതീതമായി രംഗത്തുവരുമെന്നും രമേശിനെ പിന്തുണയ്ക്കുമെന്നും ഹൈക്കമാന്‍ഡ് പോലും പ്രതീക്ഷിച്ചിരുന്നില്ല.



from mangalam.com https://ift.tt/2QHZn2A
via IFTTT

No comments:

Post a Comment