കണ്ണൂര്‍ : വിജയത്തുടര്‍ച്ചയിലേക്ക ്‌ഇടതുമുന്നണിയെ നയിച്ച പിണറായി വിജയന്‍ ഇക്കുറി ക്യാപ്‌റ്റന്‍സി ഏറ്റെടുക്കുന്നത് അരങ്ങേറ്റക്കാരായ താരനിരയുടേത്. രാഷ്‌ട്രീയ ജിവിതത്തത്തില്‍ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് അനിഷേധ്യനായി രണ്ടാമതും മുഖ്യമന്ത്രിപദത്തിലേറുന്നത്. 26-ാം വയസില്‍ ആദ്യമായി എം.എല്‍.എയായ പിണറായിക്ക് ഇതു നിയമസഭയിലെ ആറാം അവസരം.
ജനപ്രതിനിധിയായിട്ടുകൂടി അടിയന്തരാവസ്‌ഥക്കാലത്തു പോലീസുകാരുടെ ക്രൂരമര്‍ദനത്തിനിരയായി. ചോരപുരണ്ട വസ്‌ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ ആഭ്യന്തരമന്ത്രി കെ കരുണാകരനോടു ചോദ്യമുതിര്‍ത്ത പോരാട്ടവീര്യം.
ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1945 മേയ് 24-നായിരുന്നു ജനനം. ദാരിദ്ര്യം നിറഞ്ഞ ബാല്യ, കൗമാരങ്ങള്‍. പിണറായി യു.പി. സ്‌കൂളിലും പെരളശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസത്തിനു ശേഷം ഒരു വര്‍ഷം നെയ്‌ത്തുതൊഴിലാളിയായി. തുടര്‍ന്ന് തലശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രിയും ബിരുദവും പഠിച്ചു.
കെ.എസ്.എഫ്. സംസ്‌ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 1968ല്‍ മാവിലായിയില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പ്ലീനത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ ജില്ലാ സെക്രട്ടേറിയറ്റിലും 1978ല്‍ സംസ്‌ഥാന കമ്മിറ്റിയിലുമെത്തി. 1986-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 88-ല്‍ സംസ്‌ഥാന സെക്രേട്ടറിയറ്റ് അംഗമായി. 1996-ല്‍ സഹകരണ - വൈദ്യുതി മന്ത്രിയായപ്പോഴാണ് വൈദ്യുതി മേഖലയില്‍ കേരളം കുതിച്ചത്. 1998-ല്‍ ചടയന്‍ ഗോവിന്ദന്റെ വിയോഗത്തെതുടര്‍ന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായി. പിന്നീടു കണ്ണൂര്‍, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സമ്മേളനത്തില്‍ സെക്രട്ടറി പദം ഒഴിഞ്ഞു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയംഗമായും തുടര്‍ന്ന് പോളിറ്റ്‌ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
റിട്ട. അധ്യാപിക കമലയാണു ഭാര്യ. മക്കള്‍: വിവേക്, വീണ. മരുമക്കള്‍: ദീപ, മുഹമ്മദ് റിയാസ്. പേരക്കുട്ടികള്‍: വിവാന്‍ വിവേക് കിരണ്‍, ഇഷാന്‍ വിജയ്.
ബി.ജെ.പി. അക്കൗണ്ട് പൂട്ടിച്ച ശിവന്‍കുട്ടി
നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ച സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം വി. ശിവന്‍കുട്ടിക്ക് നിയമസഭയില്‍ ഇതു മൂന്നാം ഊഴം. സി.ഐ.ടി.യു. സംസ്‌ഥാന സെക്രട്ടറി. കിലെ ചെയര്‍മാനും ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ഡയറക്‌ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. കായിക സംഘാടകന്‍.
1954 നവംബര്‍ 10 ന് എം. വാസുദേവന്‍ പിള്ളയുടെയും പി. കൃഷ്‌ണമ്മയുടെയും മകനായി ചെറുവയ്‌ക്കലില്‍ ജനനം. നിയമബിരുദധാരി. എസ്.എഫ്.ഐ. സംസ്‌ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ചുമതലകള്‍ വഹിച്ചു. ചെമ്പഴന്തി എസ്.എന്‍. കോളേജില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലിലായി. ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം മേയര്‍ പദവികള്‍ വഹിച്ചു. തിരുവനന്തപുരം സുഭാഷ് നഗറില്‍ മുളക്കല്‍ വീട്ടിലാണ് താമസം. കമ്മ്യൂണിസ്‌റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ളയുടെ മകളും പി.എസ്.സി. അംഗവുമായ ആര്‍. പാര്‍വതിദേവി ഭാര്യ. മകന്‍: ഗോവിന്ദ് ശിവന്‍.
പാര്‍ട്ടിയുടെ മാഷ് ഇനി മന്ത്രി
പാര്‍ട്ടി ക്ലാസുകളിലൂടെ മുഴുവന്‍ സഖാക്കളുടെയും മാഷായ എം.വി. ഗോവിന്ദന്‍ (67) ഇനി മന്ത്രി. സി.പി.എം. കേന്ദ്രകമ്മറ്റി അംഗം. നിയമസഭയില്‍ മൂന്നാമൂഴം. ഡി.വൈ.എഫ്.ഐയുടെ സ്‌ഥാപക നേതാക്കളില്‍ ഒരാളാണ്. അടിയന്തരാവസ്‌ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ പോലീസ് മര്‍ദനത്തിനിരയായി.നാലു മാസം ജയിലില്‍ കഴിഞ്ഞു. സി.പി.എം. കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായി. തളിപ്പറമ്പ് പരിയാരം ഇരിങ്ങല്‍ യു.പി. സ്‌കൂളില്‍ കായികാധ്യാപകനായിരുന്നു.
കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്‌ഥാന പ്രസിഡന്റാണ്. ആള്‍ ഇന്ത്യ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റ്. ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്നു. കര്‍ഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററാണ്. ഏഴു പുസ്‌തകങ്ങള്‍ രചിച്ചു. കെ. കുഞ്ഞമ്പുവിന്റെയും എം.വി. മാധവിയമ്മയുടെയും മകനായി മൊറാഴയില്‍ ജനനം. ഭാര്യ പി.കെ ശ്യാമള സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം. മക്കള്‍: ശ്യാംജിത്ത്, രംഗീത്. മരുമകള്‍: സിനി.
വിദ്യാര്‍ഥി സമരങ്ങളിലൂടെ പൊതുജീവിതത്തിലേക്ക്
സി.പി.ഐ. സംസ്‌ഥാന കൗണ്‍സില്‍ അംഗവും ആറു വര്‍ഷമായി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ജി.ആര്‍. അനില്‍ ട്രേഡ് യൂണിയന്‍ രംഗത്തും സജീവസാന്നിധ്യം. നെടുമങ്ങാട്ടുനിന്ന് നിയമസഭയിലെത്തി. എ.ഐ.ടി.യു.സി. സംസ്‌ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവും വിവിധ ട്രേഡ് യൂണിയനുകളുടെ ജില്ലാ, സംസ്‌ഥാന ഭാരവാഹിയുമാണ്. ഔഷധി ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗം. ഹാന്റക്‌സിന്റെ ഡയറക്‌ടറായും കൈത്തറി-ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിയമബിരുദധാരി. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്. പ്രവര്‍ത്തന കാലയളവില്‍ സമരങ്ങളില്‍ പങ്കെടുത്ത് പോലീസ് മര്‍ദനവും മൂന്നുതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. പത്തുവര്‍ഷം തിരുവനന്തപുരം നഗരസഭയില്‍ നേമം വാര്‍ഡിനെ പ്രതിനിധീകരിച്ചു. തിരുവനന്തപുരം കൈമനത്താണ് താമസം. മുന്‍ എം.എല്‍.എയും വര്‍ക്കല എസ്.എന്‍ കോളജ് ചരിത്രവിഭാഗം മുന്‍ മേധാവിയുമായ ഡോ. ആര്‍. ലതാദേവിയാണ് ഭാര്യ. മകള്‍: അഡ്വ. ദേവിക എ.എല്‍, മരുമകന്‍: മേജര്‍ എസ്.പി വിഷ്‌ണു.
കോട്ടയത്തിന്റെ വാസവന്‍
സംഘടനാരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി വി.എന്‍. വാസവന്‍ (67) മന്ത്രിസഭയിലേക്ക്. രണ്ടു സര്‍ക്കാരുകളുടെ ഇടവേളയ്‌ക്കു ശേഷമാണു കോട്ടയം ജില്ലയ്‌ക്കു മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ടി.കെ. രാമകൃഷ്‌ണനു ശേഷം ജില്ലയില്‍നിന്നുള്ള സി.പി.എം. മന്ത്രിയാണ് പാര്‍ട്ടി സംസ്‌ഥാന സമിതിയംഗം കൂടിയായ വി.എന്‍. വാസവന്‍. കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിയിലെത്തിക്കാന്‍ ചരടുവലികള്‍ നടത്തിയത് വാസവനായിരുന്നു.
സി.ഐ.ടി.യു. ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമാണ്. സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി. റബ്‌കോ മുന്‍ ചെയര്‍മാന്‍. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ. സംസ്‌ഥാന കമ്മിറ്റി അംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്‌ഥാന സഹകരണ ബാങ്ക് ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മറ്റക്കര വെള്ളേപ്പള്ളിയില്‍ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും മകന്‍. ഭാര്യ ഗീത (സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപിക). മക്കള്‍: ഡോ. ഹിമ വാസവന്‍, ഗ്രീഷ്‌മ വാസവന്‍. മരുമകന്‍: ഡോ. നന്ദകുമാര്‍.
തലസ്‌ഥാന ജില്ലയുടെ പരിചിതമുഖം
ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന് നിയമസഭയിലേക്ക് ഇതു രണ്ടാം വിജയം. തലസ്‌ഥാന ജില്ലയുടെ പരിചിതമുഖം.
പൂന്തുറ സ്വദേശിയായ ആന്റണി രാജുവിന്റെ വിജയത്തില്‍ തീരദേശ മേഖലയ്‌ക്കും വലിയ പങ്കുണ്ട്. 1996 ല്‍ പഴയ തിരുവനന്തപുരം വെസ്‌റ്റ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് നിയമസഭയിലേക്ക്.
1954 ല്‍ പൂന്തുറയില്‍ ജനനം. 1972 ല്‍ കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്‌ഥാനമായ കെ.എസ്.സിയിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. 1982 മുതല്‍ വിവിധ കോടതികളില്‍ അഭിഭാഷകന്‍.
നന്തന്‍കോട് കോഡിയല്‍ കൊറോണയിലാണു താമസം. ഭാര്യ: റിട്ട. ബാങ്ക് ഉദ്യോഗസ്‌ഥയായ ഗ്രേസി. മക്കള്‍: ഡോ. രോഷ്‌നി (കാരക്കോണം മെഡിക്കല്‍ കോളേജ്), റോഹന്‍ (രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി).
മണ്ഡലചരിത്രം തിരുത്തി
എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ കെ. രാജന്‍ (47) നാല്‍പ്പതു വര്‍ഷത്തെ ഒല്ലൂര്‍ മണ്ഡലത്തിന്റെ ചരിത്രം തിരുത്തിയാണു വീണ്ടും നിയമസഭയിലെത്തിയത്. ഗവണ്‍മെന്റ് മുന്‍ ചീഫ് വിപ്പ്. സി.പി.ഐ. സംസ്‌ഥാന എക്‌സിക്യുട്ടീവ് അംഗം. എ.ഐ.വൈ.എഫ്. ദേശീയ സെക്രട്ടറി, സംസ്‌ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
നിയമത്തില്‍ ബിരുദധാരി. വിദ്യാഭ്യാസ, പാരിസ്‌ഥിതിക, സാമൂഹിക പ്രശ്‌നങ്ങളില്‍ നിരവധി സമരങ്ങള്‍ നയിച്ചു. പോലീസ് മര്‍ദനത്തിനിരയായി. നാലുവട്ടം ജയില്‍വാസം അനുഭവിച്ചു. എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. ജില്ലാ-സംസ്‌ഥാന സെക്രട്ടറി പദവികള്‍ വഹിച്ചു. ഇരുസംഘടനകളുടെയും അഖിലേന്ത്യാ ഭാരവാഹിയായി. ലോക ജനാധിപത്യ യുവജന ഫെഡറേഷന്റെ (ഡബ്ല്യു.എഫ്.ഡി.വൈ) ഔദ്യോഗിക പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കി. അന്തിക്കാട് പുളിക്കല്‍ പരേതനായ കൃഷ്‌ണന്‍കുട്ടി മേനോന്റെയും രമണിയുടെയും മൂത്ത മകനായി 1973 മേയ് 26ന് അന്തിക്കാട് ജനിച്ചു. മൂവാറ്റുവുഴ തൃക്കളത്തൂര്‍ പുതുച്ചേരിയില്‍ അനുപമയാണു ഭാര്യ.
ചരിത്രംകുറിച്ച് അഹമ്മദ്
ഐ.എന്‍.എല്ലിന്റെ ആദ്യമന്ത്രിയായി പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍(61). കോഴിക്കോട് സൗത്തില്‍നിന്നാണു നിയമസഭയിലെത്തിയത്. കുറ്റ്യാടിക്കടുത്ത് ദേവര്‍ കോവില്‍ സ്വദേശി. മുസ്ലിം വിദ്യാര്‍ഥി ഫെഡറേഷനിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനു തുടക്കം. അടിയന്തരാവസ്‌ഥ കാലത്ത് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്‌ഠിച്ചിട്ടുണ്ട്. ജീവിതം ബോംബെയിലേക്ക് പറിച്ചുനടപ്പെട്ടപ്പോഴും പൊതുപ്രവര്‍ത്തനം തുടര്‍ന്നു. മഹാരാഷ്‌്രട മുസ്ലിം ലീഗിന്റെ കാര്യദര്‍ശി വരെയായി. ഇബ്രാഹിം സുലൈമാന്‍ സേട്ടുമായുള്ള അടുപ്പം ഐ.എന്‍.എല്ലിലെത്തിച്ചു. 1994 ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐ.എന്‍.എല്‍. രൂപീകരണ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്‌ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്‌റ്റിയുടെ സ്‌ഥാപക ചെയര്‍മാനാണ്. പരേതനായ ഓറുവയില്‍ വളപ്പന്‍ മൂസയുടെയും മറിയത്തിന്റെയും മകനാണ്. വളയത്ത് സ്വദേശിനി സാബിറയാണ് ഭാര്യ. താജുന ഷെര്‍വിന്‍ അഹമ്മദ്, തെന്‍സിഹ ഷെറിന്‍ അഹമ്മദ്, ഷെഫി മോനിസ് അഹമ്മദ് എന്നിവരാണ് മക്കള്‍.
ഡി.വൈ.എഫ്.ഐയുടെ തലപ്പത്തുനിന്ന്
ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പദവിയില്‍നിന്നാണ് മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക് എത്തുന്നത്. റിട്ട. പോലീസ് സൂപ്രണ്ട് പി.എം. അബ്‌ദുള്‍ ഖാദറിന്റെയും കെ.എം ആയിഷാബിയുടെയും മകന്‍. കോഴിക്കോട് കോട്ടൂളിയാണു ജന്മനാട്. കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഫാറൂഖ് കോളേജില്‍ നിന്നു ബി.കോം. ബിരുദവും കോഴിക്കോട് ലോ കോളജില്‍നിന്നു നിയമ ബിരുദവും നേടി. നിയമസഭയിലേക്ക് ആദ്യവിജയം. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ എസ്.എഫ്.ഐയിലൂടെ രാഷ്‌്രടീയ സംഘടനാ പ്രവര്‍ത്തനമാരംഭിച്ചു. സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായ സമരങ്ങള്‍ നയിച്ചു. നിരവധി തവണ അറസ്‌റ്റും ജയിലും. പോലീസിന്റെ മര്‍ദനത്തിനിരയായി അനവധി ദിവസം ആശുപത്രിയില്‍ കിടന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തി ഡല്‍ഹിയിലും മുംബൈയിലും അറസ്‌റ്റ് ചെയ്പ്പെട്ടു.
ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രയസിഡന്റാണ്. ഡി.വൈ.എഫ്.ഐയിലും എസ്.എഫ്.ഐയിലും വിവിധ സ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയാണു ഭാര്യ.
പാര്‍ട്ടിയിലെ പടയും കടന്ന്
പിണറായി മന്ത്രിസഭയില്‍ രണ്ടാമൂഴമാണ് എ.കെ. ശശീന്ദ്രന്. 1946 ജനുവരി 29ന് എ. കുഞ്ഞമ്പുവിന്റെയും എം.കെ ജാനകിയുടെയും മകനായി കണ്ണൂരില്‍ ജനനം. 1980-ല്‍ പെരിങ്ങളത്തുനിന്നും 1982-ല്‍ എടക്കാട്ട് നിന്നും 2006-ല്‍ ബാലുശേരിയില്‍നിന്നും 2011 മുതല്‍ തുടര്‍ച്ചയായി എലത്തൂരില്‍ നിന്നു നിയമസഭയില്‍.
കഴിഞ്ഞ മന്ത്രിസഭയില്‍ ഗതാഗതമന്ത്രി. എന്‍.സി.പി ദേശീയ പ്രവര്‍ത്തക സമിതി അംഗമാണ്. എന്‍.സി.പി. സംസ്‌ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് (എസ്) സംസ്‌ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്.യു. സംസ്‌ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ്, നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയര്‍മാന്‍, കോഫി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: അനിതാ കൃഷ്‌ണന്‍. മകന്‍: വരുണ്‍ ശശീന്ദ്രന്‍. മരുമകള്‍: ഡോ. സോന. പാര്‍ട്ടിയിലെ പിളര്‍പ്പിലെത്തിയ പ്രതിസന്ധികള്‍ അതിജീവിച്ചാണു വീണ്ടും നിയമസഭയിലെത്തിയത്. വീണ്ടും മന്ത്രിപദവിയും.
മൂന്നാമൂഴത്തില്‍ അംഗീകാരം
തുടര്‍ച്ചയായി മൂന്നാം തവണ അടൂരില്‍ നിന്ന് എം.എല്‍.എയായതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ പദവി ഉറപ്പായിരുന്ന ചിറ്റയം ഗോപകുമാര്‍ (56) ഡെപ്യൂട്ടി സ്‌പീക്കറാകുന്നത് ദീര്‍ഘമായ പൊതുപ്രവര്‍ത്തനത്തിന്റെ പാരമ്പര്യവുമായാണ്. കൊല്ലം ജില്ലയിലെ ചിറ്റയം ഗ്രാമത്തില്‍ ടി. ഗോപാലകൃഷ്‌ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31-ന് ജനിച്ച കെ.ജി. ഗോപകുമാര്‍ എന്ന ചിറ്റയം എ.ഐ.എസ്.എഫിലൂടെ രാഷ്‌ട്രീയ രംഗത്തെത്തി. 1995 ല്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച ചിറ്റയം ആദ്യ തവണ തന്നെ പ്രസിഡന്റായി. 2009-ല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായിരുന്നു.
കേരളസര്‍വകലാശാല സെനറ്റ് അംഗം, സി.പി.ഐ. സംസ്‌ഥാന കൗണ്‍സില്‍ അംഗം, എ.ഐ.ടി.യു.സി. കശുവണ്ടി തൊഴിലാളി യൂണിയന്‍ കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ കമ്മറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഹൈക്കോടതി കോര്‍ട്ട് ഓഫീസര്‍ ആയിരുന്ന സി. ഷേര്‍ലിഭായി ആണ് ഭാര്യ. മക്കള്‍: എസ്.ജി. അമൃത (അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപിക). എസ്.ജി. അനുജ (തിരുവനന്തപുരം ലോ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി).
പാരമ്പര്യത്തിന്റെ കരുത്തില്‍ ചീഫ് വിപ്പ്
കറുകച്ചാല്‍ ചമ്പക്കര ഇന്ദീവരത്തില്‍ മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറുമായിരുന്ന പ്രഫ. കെ. നാരായണക്കുറുപ്പിന്റെയും കെ. ലീലാദേവിയുടെയും മകനായ ഡോ.എന്‍.ജയരാജ് (65) കേരള, കോഴിക്കോട്, എം.ജി. സര്‍വകലാശാലകളിലെ വിവിധ എന്‍.എസ്.എസ്. കോളജുകളില്‍ കാല്‍ നൂറ്റാണ്ടു കാലം സാമ്പത്തിക ശാസ്‌ത്രവിഭാഗം അധ്യാപകനായിരുന്നു. കേരളത്തിന്റെ പൊതുവരവും ചെലവും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയിലെ സ്വാധീനം എന്ന വിഷയത്തെ അടിസ്‌ഥാനപ്പെടുത്തി പബ്ലിക് ഫിനാന്‍സില്‍ കേരള സര്‍വകലാശാലയില്‍ നിന്നു ഡോക്‌ടറേറ്റ് നേടി.
തുടര്‍ച്ചയായി രണ്ടു തവണ കോട്ടയം ജില്ലാപഞ്ചായത്ത് അംഗം. 2006-ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായി. 2011-ലും 2016-ലും 2021-ലും കാഞ്ഞിരപ്പള്ളിയില്‍ നിന്നു വിജയം. കവി, കോളമിസ്‌റ്റ് എന്നീ നിലകളിലും പ്രശസ്‌തന്‍. ഭാര്യ ഗീത, മകള്‍ പാര്‍വതി.
രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടും മന്ത്രിപദം
രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും മന്ത്രിപദത്തിലെത്തുകയാണ് കെ. രാധാകൃഷ്‌ണന്‍ . ചേലക്കര മണ്ഡലത്തില്‍നിന്ന് അഞ്ചാം ജയം. വിദ്യാര്‍ഥി- യുവജന പ്രസ്‌ഥാനത്തിലൂടെ നേതൃപദവിയിലെത്തി 1996-ലെ കന്നിയങ്കത്തില്‍ വിജയിച്ചു. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-പട്ടികവര്‍ഗ - യുവജനക്ഷേമ വകുപ്പ് മന്ത്രിയായി.
ഇടുക്കിജില്ലയിലെ പുള്ളിക്കാനത്ത് തോട്ടം തൊഴിലാളികളായ പരേതനായ എം.സി. കൊച്ചുണ്ണിയുടെയും ചിന്നമ്മയുടെയും മകനായി 1964 മാര്‍ച്ച് 24-നു ജനനം. തൃശൂര്‍ തോന്നൂര്‍ക്കര എ.യു.പി. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചേലക്കര എസ്.എം.ടി.ജി.എച്ച്.എസ്, വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍.എസ്.എസ്. കോളജ്, തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളജുകളില്‍ തുടര്‍വിദ്യാഭ്യാസം.
എസ്.എഫ്.ഐയിലും ഡിെവെ.എഫ്.ഐയിലും പല സ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി, ദളിത് ശോഷണ്‍ മുക്‌തിമഞ്ച് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും ശാസ്‌ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം എന്നിവയിലും പ്രവര്‍ത്തിച്ചു. 2001ല്‍ പ്രതിപക്ഷ ചീഫ്‌വിപ്പ്. 2006ല്‍ നിയമസഭാ സ്‌പീക്കര്‍. നിലവില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം. അവിവാഹിതനാണ്.
പ്രവര്‍ത്തന മികവിലൂടെ ചിഞ്ചുറാണി
1963ല്‍ കൊല്ലം മുണ്ടയ്‌ക്കല്‍ ഭരണിക്കാവ് തെക്കേവിള വെളിയില്‍ വടക്കതില്‍ കമ്മ്യൂണിസ്‌റ്റ് നേതാവ് എന്‍. ശ്രീധരന്റെയും ജഗദമ്മയുടേയും മകളായാണു ചിഞ്ചുറാണിയുടെ ജനനം.
സംസ്‌ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം, സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള മഹിളാസംഘം സംസ്‌ഥാന പ്രസിഡന്റ് സ്‌ഥാനങ്ങള്‍ വഹിക്കുന്നു. പഞ്ചായത്തംഗം, കൊല്ലം കോര്‍പറേഷന്‍ സ്‌റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, വൈസ് പ്രസിഡന്റ് സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സി.പി.ഐ. അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ ഡി. സുകേശനാണ് ഭര്‍ത്താവ്. മക്കള്‍ നന്ദു സുകേശന്‍, നന്ദന റാണി.
യുവജനസമരങ്ങളിലൂടെ നേതൃനിരയില്‍
രാജ്യസഭാംഗമായും സംഘടനാതലത്തിലും നീണ്ട കാലത്തെ പരിചയസമ്പത്തുമായാണ് കെ.എന്‍. ബാലഗോപാല്‍ മന്ത്രി പദത്തിലെത്തുന്നത്. പത്തനാപുരം കലഞ്ഞൂര്‍ ശ്രീനികേതനില്‍ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണി അമ്മയുടെയും മകനായി 1963 ല്‍ ജനനം. എം.കോം, എല്‍.എല്‍.എം ബിരുദധാരി. എസ്.എഫ്.ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി.
സംസ്‌ഥാന സെക്രട്ടറി, സംസ്‌ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.എം സംസ്‌ഥാന കമ്മിറ്റി അംഗം, മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി, രാജ്യസഭാംഗം, സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി സ്‌ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടേറിയേറ്റംഗം, കേരള കര്‍ഷക സംഘം സംസ്‌ഥാന സെക്രട്ടറി പദവികള്‍ വഹിക്കുന്നു. ഭാര്യ കോളജ് അധ്യാപികയായ ആശാ പ്രഭാകരന്‍. മക്കള്‍ വിദ്യാര്‍ഥികളായ കല്യാണി, ശ്രീഹരി.
മന്ത്രിയാകുന്ന ആദ്യ മാധ്യമ പ്രവര്‍ത്തക
ഒരു പിടി റെക്കോഡുകള്‍ സൃഷ്‌ടിച്ചു കൊണ്ടാണ് വീണാ ജോര്‍ജ് (44) രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകുന്നത്. സംസ്‌ഥാനത്ത് മന്ത്രിസഭയിലെത്തുന്ന ആദ്യ മാധ്യമപ്രവര്‍ത്തകയാണ് വീണ. പത്തനംതിട്ട ജില്ലയില്‍ നിന്ന് മന്ത്രിയാകുന്ന ആദ്യ വനിതയുമാണ്. 2016 ല്‍ ആറന്മുള മണ്ഡലത്തില്‍ കെ. ശിവദാസന്‍ നായരെ പരാജയപ്പെടുത്തി.
എസ്.എഫ്.ഐയില്‍ അംഗമായിരുന്ന വീണ സി.പി.എം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമാണ്. കൈരളി, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍, ടിവി ന്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിതാ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് എം.എസ്‌സി ഫിസിക്‌സിലും ബി.എഡിലും റാങ്ക് ജേതാവായി. പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന പി.ഇ. കുര്യാക്കോസിന്റെയും നഗരസഭാ കൗണ്‍സിലറായിരുന്ന റോസമ്മയുടേയും മകളാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മുന്‍ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. മക്കള്‍: അന്നാ, ജോസഫ്.
മികച്ച പാര്‍ലമെന്റേറിയന്‍, ജനകീയ നേതാവ്
പാര്‍ലമെന്റേറിയന്‍, സംഘടനാ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പി. രാജീവ് (54). 2009 മുതല്‍ 2015 വരെ രാജ്യസഭാംഗം, രാജ്യസഭയെ നിയന്ത്രിക്കുന്ന ചെയര്‍മാന്‍ പാനലില്‍ അംഗം. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളായ അഡൈ്വസറി കമ്മിറ്റി, പെറ്റിഷന്‍സ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി, ഇന്‍ഷുറന്‍സ് ബില്ല് സെലക്‌ട് കമ്മിറ്റി, ബി.എസ്.എന്‍.എല്‍ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി, ഹൈക്കോടതി വാണിജ്യ ഡിവിഷന്‍ ബില്ല് സെലക്‌ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. ഇന്ത്യന്‍ കയര്‍ബോര്‍ഡ് അംഗം, രാജ്യസഭയിലെ സി.പി.എം. ചീഫ് വിപ്പ്, സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സി.പി.എം. സെക്രട്ടേറിയേറ്റ് അംഗമായും ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.
തൃശൂര്‍ മേലഡൂരില്‍ പി. വാസുദേവന്റെയും രാധയുടെയും മകനാണ്. ബി.എ, എല്‍എല്‍.ബി, ഡിപ്ലോമ ഇന്‍ കെമിക്കല്‍ എഞ്ചിനീയറിങ് എന്നിവ പൂര്‍ത്തിയാക്കി. കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്‌റ്റഡീസ് ഡയറക്‌ടര്‍ ഡോ. വാണി കേസരിയാണു ഭാര്യ. ഹൃദ്യ, ഹരിത എന്നിവര്‍ മക്കള്‍.
വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ സജി ചെറിയാന്‍
ആലപ്പുഴ ജില്ലയിലെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷത്തോടെയാണു സജി ചെറിയാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍നിന്നു നിയമസഭയിലെത്തിയത്. സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗം. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട. സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസര്‍ ടി.ടി ചെറിയാന്റേയും റിട്ട. പ്രധാനാധ്യാപിക ശോശാമ്മ ചെറിയാന്റെയും മകനായി 1965 ല്‍ ജനിച്ചു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി. നിയമബിരുദധാരി. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്‌ഥാന സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ക്രിസ്‌റ്റീന. മക്കള്‍: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എം.ബി.ബി.എസ് വിദ്യാര്‍ഥിനി, കാരക്കോണം മെഡിക്കല്‍ കോളജ്). മരുമക്കള്‍: അലന്‍, ജസ്‌റ്റിന്‍. ചെറുമകള്‍: ഇസബല്ല.
ഇടുക്കി മണ്ഡലത്തിന്റെ ആദ്യ മന്ത്രി
യു.ഡി.എഫിന്റെ ഭാഗമായി നിന്നു നാലു തവണ നിയമസഭയിലെത്തിയ റോഷി അഗസ്‌റ്റിന്‍ ഇക്കുറി എല്‍.ഡി.എഫിന്റെ ഭാഗമായപ്പോഴും ഇടുക്കിയിലെ ജനങ്ങള്‍ ഒപ്പം നിന്നു. മന്ത്രിസഭയിലേക്കു വിളിയെത്തിയപ്പോള്‍, ഇടുക്കി നിയോജകമണ്ഡലത്തില്‍നിന്നുള്ള ആദ്യമന്ത്രി എന്ന വിശേഷണവും.
ഇടക്കോലി ഗവ.ഹൈസ്‌കൂള്‍ ലീഡറായി തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്റായും പാലാ സെന്റ് തോമസ് കോളജ് യൂണിറ്റ് പ്രസിഡന്റായും യൂണിയന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കെ.എസ്.സി (എം) സംസ്‌ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരി വിപത്തുകള്‍ക്കുമെതിരെ 1995-ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചനപദയാത്രയും 2001-ല്‍ വിമോചന യാത്രയും നടത്തി.
പേരാമ്പ്രയില്‍നിന്ന് 26-ാം വയസില്‍ നിയമസഭയിലേക്കുള്ള കന്നിയങ്കം പരാജയമായി. എന്നാല്‍ കെ.എം. മാണിയുടെ തണലില്‍ 2001-ല്‍ ഇടുക്കിയില്‍ അട്ടിമറിവിജയം. പിന്നീടിങ്ങോട്ടു പരാജയമറിഞ്ഞില്ല. ബി.എസ്‌സി. ഫിസിക്‌സ് ബിരുദധാരി. കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവും സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമാണ്.
പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ അഗസ്‌റ്റിന്‍-ലീലാമ്മ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നഴ്‌സായ റാണിയാണ് ഭാര്യ. മക്കള്‍: ആന്‍മരിയ (സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി), എയ്‌ഞ്ചല്‍ മരിയ (എട്ടാം ക്ലാസ് വിദ്യാര്‍ഥിനി), അഗസ്‌റ്റിന്‍ (രണ്ടാം ക്ലാസ് വിദ്യാര്‍ഥി).
തൃശൂരിന്റെ ആദ്യത്തെ വനിതാമേയര്‍ ഇനി മന്ത്രി
ആദ്യ മത്സരത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍നിന്നാണു ആര്‍. ബിന്ദു നിയമസഭയില്‍ എത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്‌ഥാന നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമാണ്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം. 2005-ല്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ ആദ്യ വനിതാ മേയറായി. തൃശൂര്‍ കേരളവര്‍മ കോളജില്‍ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍, ആക്‌ടിങ് പ്രിന്‍സിപ്പല്‍ പദവികള്‍ വഹിച്ചു. അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ സംസ്‌ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം. കേരള സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേശക സമിതിയംഗമായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്‌ടറേറ്റ് നേടി.
1967 മേയ് 31-ന് ശാസ്‌ത്രാധ്യാപകനും ജനപ്രതിനിധിയുമായിരുന്ന നമ്പ്യാരുവീട്ടില്‍ രാധാകൃഷ്‌ണന്റെയും ശാന്തകുമാരിയുടെയും മകളായി ജനനം. 1991നുശേഷം ഇരിങ്ങാലക്കുടയില്‍നിന്നു ജയിക്കുന്ന ആദ്യ വനിത. സി.പി.എം. ആക്‌ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ.
യുവത്വത്തിന്റെ കരുത്തുമായി സ്‌പീക്കറുടെ കസേരയില്‍
സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗമായ എം.ബി. രാജേഷ്(50) ആദ്യമായാണ് നിയമസഭയിലെത്തുന്നത്. മുന്‍ പാര്‍ലമെന്റ് അംഗമാണ്. സൈനിക ഉദ്യോഗസ്‌ഥനായ ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്‌ണന്‍ നായരുടേയും എം.കെ. രമണിയുടേയും മകനായി 1971-ല്‍ പഞ്ചാബിലെ ജലന്ധറിലാണ് ജനനം. ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജില്‍നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി.
വിദ്യാര്‍ഥി പ്രസ്‌ഥാനത്തിലൂടെയാണ് രാജേഷ് പൊതുരംഗത്തേക്ക് വരുന്നത്. എസ്.എഫ്.ഐ. സംസ്‌ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ. സംസ്‌ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-ലും 2014-ലും പാലക്കാട് നിന്ന് പാര്‍ലമെന്റ് അംഗമായി. നിരവധി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ: ഡോ. നിനിത കണിച്ചേരി(അധ്യാപിക). മക്കള്‍: നിരഞ്‌ജന, പ്രിയദത്ത.
പരിസ്‌ഥിതി പോരാട്ടങ്ങളിലെ മുന്‍നിര പോരാളി
പരിസ്‌ഥിതി സമരങ്ങളിലൂടെ ശ്രദ്ധേയനായ പി. പ്രസാദ് (51) ചേര്‍ത്തലയില്‍നിന്നാണു നിയമസഭയിലെത്തിയത്. സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം. എ.ഐ.എസ്.എഫ്. സംസ്‌ഥാന പ്രസിഡന്റ്, സി.പി.ഐ. പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശീയ എക്‌സിക്യൂട്ടീവ്‌അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ നടന്ന സമരം, പ്ലാച്ചിമട സമരം തുടങ്ങിയവയില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സമരത്തില്‍ മേധാപട്‌കര്‍ക്കൊപ്പം പങ്കെടുത്തു. കരിമണല്‍ ഖനന വിരുദ്ധ സമരത്തിലും പങ്കാളിയായി. എ.ഐ.ടി.യു.സി. നേതാവും സി.പി.ഐ. ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന പാലമേല്‍ പഞ്ചായത്തില്‍ നൂറനാട് മറ്റപ്പള്ളിയില്‍ ജി. പരമേശ്വരന്‍ നായരുടെയും ഗോമതിയമ്മയുടേയും മകനാണ്. ലൈനയാണ് ഭാര്യ. ഭഗത്, അരുണ അല്‍മിത്ര എന്നിവര്‍ മക്കളാണ്.
ലീഗ് കോട്ട ഇളക്കിയ വി. അബ്‌ദുറഹിമാന്‍
മലപ്പുറത്തെ മുസ്ലിംലീഗ് കോട്ടയായ താനൂരില്‍നിന്നു തുടര്‍ച്ചയായി രണ്ടാംതവണ വിജയിച്ച വി. അബ്‌ദുറഹ്‌മാന്‍ സംസ്‌ഥാന മന്ത്രിസഭയിലേക്ക്. 2016 ല്‍ താനൂരില്‍ ജയിച്ച അബ്‌ദുറഹ്‌മാന്‍ അവിടെ നടപ്പാക്കിയ താനൂര്‍ വികസന മാതൃക ശ്രദ്ധേയമായിരുന്നു.
കെ.എസ്.യുവിലൂടെയാണു രാഷ്‌്രടീയത്തില്‍ ചുവടുവയ്‌ക്കുന്നത്. കെ.പി.സി.സി. സംസ്‌ഥാന സെക്രട്ടറി പദവിയില്‍ വരെ എത്തി. തിരൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, ഹജ്‌ജ് കമ്മിറ്റിയംഗം, ആക്‌ട് തിരൂര്‍ സാംസ്‌കാരിക സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെതുമരാമത്ത്, ഗതാഗതം, പ്രവാസികാര്യം എന്നീ സബ്‌ജക്‌റ്റ് കമ്മിറ്റികളില്‍ അംഗമായിരുന്നു. വെള്ളെക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹംസയുടെയും കദീജയുടെയും മകനായി 1962 ല്‍ ജനനം. ഭാര്യ: ഷാജിത റഹ്‌മാന്‍. മക്കള്‍: അഹമ്മദ് അമന്‍ സഞ്‌ജീത്ത്, റിസ്‌വാന ഷെറിന്‍, നിഹാല നവല്‍. മരുമകന്‍: മിഷാദ് അഷ്‌റഫ്.
ആദ്യം കര്‍ഷകന്‍, രാഷ്‌ട്രീയം രണ്ടാമത്
അറിയപ്പെടുന്ന കര്‍ഷകനാണു കെ. കൃഷ്‌ണന്‍കുട്ടി. സാധാരണ കര്‍ഷകനല്ല, സംസ്‌ഥാനത്ത് ആദ്യമായി ഹൈടെക്, പ്രിസിഷന്‍ ഫാമിങ് അവതരിപ്പിക്കുകയും ചിറ്റൂരില്‍ നടപ്പാക്കുകയും ചെയ്‌ത ആധുനിക കര്‍ഷകന്‍.
ജനതാദള്‍ (എസ്) സംസ്‌ഥാന പ്രസിഡന്റായ അദ്ദേഹം മന്ത്രിയാകുന്നതു രണ്ടാം തവണ. ഒമ്പതുതവണ ചിറ്റൂരില്‍നിന്നു ജനവിധി തേടി, അഞ്ചുവട്ടം വിജയിച്ചു.കഴിഞ്ഞ മന്ത്രിസഭയില്‍ 2018 നവംബറില്‍ ജലവിഭവ വകുപ്പ് മന്ത്രിയായി.
ചിറ്റൂര്‍ പെരുമാട്ടി പഞ്ചായത്തിലെ എഴുത്താണിയില്‍ കുഞ്ചുകുട്ടി-ജാനകി ദമ്പതികളുടെ മകനായി 1944 ഓഗസ്‌റ്റ് 13-നാണു ജനനം. സംഘടനാ കോണ്‍ഗ്രസിലൂടെ 1967 മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തുണ്ട്. പിന്നീട് സോഷ്യലിസ്‌റ്റ് പാതയിലേക്ക് നീങ്ങി. ദീര്‍ഘകാലം പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. സംസ്‌ഥാന സഹകരണ ബാങ്ക് ഡയറക്‌ടര്‍, സംസ്‌ഥാന കാര്‍ഷിക നയരൂപീകരണ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വിലാസിനി. മക്കള്‍: ലത, നാരായണന്‍കുട്ടി (പെരുമാട്ടി ഗ്രാമപഞ്ചായത്തംഗം), അജയന്‍ (സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയര്‍), കെ. ബിജു (ലാന്‍ഡ് റവന്യു കമ്മിഷണര്‍).
from mangalam.com https://ift.tt/3w80dES
via IFTTT
No comments:
Post a Comment