തിരുവനന്തപുരം: സെമിഫൈനലിന്റെ ആദ്യപാദത്തിന് ഇനി രണ്ടുദിവസം മാത്രം ശേഷിക്കേ ജയത്തിനുള്ള തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്കി മുന്നണികള്‍. തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഇതിന് ഏറെ പ്രാധാന്യമാണ് മുന്നണികള്‍ നല്‍കുന്നത്.
കഷ്ടിച്ച് അഞ്ചുമാസത്തിനുള്ളില്‍ വരാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലത്തിലേക്കുള്ള വിരല്‍ ചൂണ്ടലായാണ് ഇതിനെ അവര്‍ വിലയിരുത്തുന്നതും. അതുകൊണ്ടുതന്നെ എല്ലാ അടവുകളും പയറ്റി വിജയം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. കോവിഡ് കാലത്തെ പരിമിതികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്നലെ വിപുലമായ വെബ്റാലികളോടെയാണ് ഇടതുമുന്നണിയും യു.ഡി.എഫും ആദ്യഘട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചത്.
പരസ്യപ്രചരണം ഇന്നാണ് അവസാനിക്കുന്നതെങ്കിലും ഇന്നലത്തെ വെബ്റാലിയാണ് ഔദ്യോഗികമായി മുന്നണികളുടെ പ്രഥമഘട്ടത്തിന്റെ സമാപനം. മുഖ്യമന്ത്രി പിണറായി വിജയന് ഇടതമുമുന്നണിയുടെ റാലിയെ നയിച്ചപ്പോള്‍, പ്രതിപക്ഷനേതാവും മറ്റ് മുന്നണി നേതാക്കളുമായിരുന്നു യു.ഡി.എഫിന് നേതൃത്വം നല്‍കിയത്. കോവിഡിനെത്തുടര്‍ന്ന് മുന്‍കാലങ്ങളിലേതുപോലുള്ള കൊട്ടികലാശം ഇക്കുറി വിലക്കിയിട്ടുണ്ട്. പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്ന് പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.
എല്ലാ പാര്ട്ടികളേയൂം മുന്നണികളേയും സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് ഈ ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിജയം മുന്നണികള്‍ക്ക് അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. പൊതുവില്‍ തിരുവനന്തപുരം കൊല്ലം ജില്ലകള്‍ ആരാണോ വിജയിക്കുന്നത് അവര്‍ സംസ്ഥാനത്ത് ഭരണത്തില്‍ വരുമെന്നതാണ് ചരിത്രം. അതുകൊണ്ടുതന്നെ ഒന്നാംഘട്ടത്തിന് വലിയ പ്രാധാന്യമാണ് ഇടതുമുന്നണിയും യു.ഡി.എഫും നല്‍കുന്നത്. ഏറെ സ്വാധീനമുള്ള തിരുവനന്തപുരം ജില്ലയില്‍ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കുകയെന്നതാണ് ബി.ജെ.പിയുടെയും ലക്ഷ്യം. അതുകൊണ്ടുതന്നെ പൊരിഞ്ഞപോരാണ് ഇപ്പോള്‍ നടക്കുന്നത്.
സ്വര്‍ണ്ണകടത്തും ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചരണം ഒരുഘട്ടം കഴിഞ്ഞപ്പോള്‍ പൊതുവിഷയങ്ങളിലേക്ക് മാറുകയായിരുന്നു. സ്വര്‍ണ്ണകടത്തിന് പകരമായി യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസുകളുമായി സര്‍ക്കാര്‍ തിരിച്ചടിച്ചപ്പോള്‍ അഴിമതിയും മറ്റും പ്രചരണരംഗത്ത് അത്രശക്തമായില്ല. പ്രത്യേകിച്ച് എം.സി കമറുദ്ദീന്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരായ കേസുകള്‍ യു.ഡി.എഫിനെ വിഷമത്തിലാക്കുകയും ചെയ്തു.
വികസനപ്രശ്നങ്ങള്‍ ഉയര്ത്തികൊണ്ടുതന്നെ ഇടതുമുന്നണി പ്രചരണരംഗത്ത് ശക്തമായി മുന്നോട്ടുപോകുന്നത്. സാമൂഹികസുരക്ഷാ പെന്ഷന്, ലൈഫ് പദ്ധതി, കോവിഡ് കാലത്തെ നടപടികള്‍, കുടുംബങ്ങള്‍ക്ക് നല്കുന്ന കിറ്റുകള്‍ അങ്ങനെ സാമൂഹികക്ഷേമപദ്ധതികളുടെ കണക്കുകള്‍ നിരത്തുകയാണ് ഇടതുമുന്നണി. ഒപ്പം മുടങ്ങിക്കിടന്ന ഗെയില്‍, ദേശീയാപാതാ വികസനം മുതല്‍ കിഫ്ബി വഴി നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി, ആശുപത്രികളുടെ നവീകരണം എന്നിവയൊക്കെ അവര്‍ ആയുധമാക്കിയിട്ടുണ്ട്. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ മുന്നോട്ടുപോയ ഇടതുമുന്നണിക്കും സി.പി.എമ്മിനും കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പോറല്‍ ഏല്‍പ്പിച്ചിട്ടുമുണ്ട്.
ഈ വികസനപദ്ധതികളെ അതേ നാണയത്തില്‍ എതിര്‍ക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സാമൂഹികക്ഷേമപെന്‍ഷന്‍, ഭവന്നിര്മ്മാണ പദ്ധതി തുടങ്ങി ഇടതുസര്‍ക്കാര്‍ അവകാശപ്പെടുന്ന എല്ലാ നേട്ടങ്ങളെയും ഇഴകീറി പരിശോധിച്ച് എതിര്‍ക്കുകയാണ് യു.ഡി.എഫ്. മാത്രമല്ല, കെ-റെയില്‍പോലുള്ള പദ്ധതികളിലുള്ള പൊതുജന എതിര്‍പ്പിനെ ശക്തമായി ഉപയോഗിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള ബന്ധം സംബന്ധിച്ച് യു.ഡി.എഫിനുള്ളിലും കോണ്‍ഗ്രസിലുമുള്ള ആശയക്കുഴപ്പവും തര്‍ക്കവും മുന്നണിക്ക് വല്ലാത്ത ഭാരമായിട്ടുണ്ട്.
ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന ബി.ജെ.പി, യു.ഡി.എഫിനെയും വെറുതെ വിടുന്നില്ല. ഇരുമുന്നണികളും തമ്മില്‍ ഒത്തുകളിയാണെന്ന പഴയ മുദ്രാവാക്യം മുഴക്കിയാണ് അവരുടെ പ്രചരണം. സംസ്ഥാനത്തെ നേതാക്കളെയല്ല, പ്രധാനമന്ത്രി മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് എന്‍.ഡി.എയുടെ പ്രചരണം. ഇത് എത്രത്തോളം ഫലവത്താകുമെന്നാണ് അവര്‍ പരിശോധിക്കുന്നത്.
എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധനവിലയിലുണ്ടായ വര്‍ദ്ധനയും പാചകവാതകത്തിന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 50 രൂപ വര്‍ദ്ധിപ്പിച്ചതും എന്‍.ഡി.എയ്ക്ക് തിരിച്ചടിയാണ്. മാത്രമല്ല, കര്‍ഷകസമരം ഡല്‍ഹിയിലാണെങ്കിലും അതിന്റെ പ്രത്യാഘാതം കേരളത്തിലൂം പ്രതിഫലിക്കും. എല്ലാത്തിനുപരിയായി ബി.ജെ.പിക്കുള്ളിലെ സംഘടനാപ്രശ്നങ്ങള്‍ ആ മുന്നണിയെ വല്ലാത്ത വിഷമവൃത്തത്തിലുമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില രാജീവഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ശാഖയ്ക്ക് ആര്.എസ്.എസ് നേതാവ് ഗോള്‍വര്‍ക്കറിന്റെ പേര് നല്കുമെന്നുള്ള പ്രഖ്യാപനവും തിരിച്ചടിയാകുമോയെന്ന ആശങ്കയും ബി.ജെ.പി ക്യാമ്പുകളിലുണ്ട്.
അവസാനദിന പ്രചരണത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഊന്നല്‍ നല്‍കിയത് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കാനാണ്. പരാജയഭീതിമൂലം മുഖ്യമന്ത്രി ഒളിച്ചിരിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും ആരോപിച്ചത്. ഇതും ആയുധമാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.
ആര്. സുരേഷ്
from mangalam.com https://ift.tt/3lN6tfN
via IFTTT
No comments:
Post a Comment