Pages

Sunday, 22 November 2020

ബാര്‍കോഴക്കേസ് ഒതുക്കുന്നു; മുഖ്യമന്ത്രി കാലുമാറി; വിജിലന്‍സില്‍ വിശ്വാസമില്ല, കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ബിജു രമേശ്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തെ തള്ളിപ്പറഞ്ഞ് ബാറുടമ ബിജു രമേശ്. തന്റെ പരാതികള്‍ അന്വേഷിക്കാന്‍ അധികാരമില്ലെന്ന് പറയുന്ന വിജിലന്‍സ് അന്വേഷണം തുടരുന്നതില്‍ എന്ത് കാര്യം? കേന്ദ്രഏജന്‍സിയുടെ അന്വേഷണമാണ് വേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിക്കാന്‍ പറ്റുന്നില്ല. തന്നോട് കേസില്‍ ഉറച്ചുനില്‍ക്കുമോ എന്ന് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു. കേസില്‍ പ്രതിയായ കെ.എം മാണി മുഖ്യമന്ത്രിയുടെ വീ്ട്ടില്‍ കാപ്പി കുടിക്കാന്‍ പോയതോടെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് വിളി പോയി. കെ.എം മാണിക്കെതിരെ കേസെടുക്കേണ്ടെന്ന് നിര്‍ദേശം ചെന്നു.

ഒരുതരത്തിലും ന്യായവും നീതിയും കിട്ടുന്നില്ല. താന്‍ ആരുടെയും വക്താവല്ല. എല്ലാ കക്ഷികളും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ്. പരാതി ഉറച്ചുനില്‍ക്കുമോ എന്ന് എന്നോട് ചോദിച്ച മുഖ്യമന്ത്രി തന്നെ കേസ് പിന്‍വലിക്കുന്നു. ബാര്‍ കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ആദ്യം പിന്തുണച്ച പിണറായിയും പിന്നീട് കോടിയേരിയും കാലുമാറി.

തനിക്കെതിരെ കേസ് നടത്താന്‍ സര്‍ക്കാര്‍ കോടികള്‍ ചെലവാക്കി. കേസുകള്‍ തന്നെ മാനസികമായും സാമ്പത്തികമായും തന്നെ ഏറെ ബുദ്ധിമുട്ടിച്ചു. വിജിലന്‍സ് അന്വേഷണമെന്നത് പ്രഹസനമായി പോകുമെന്ന് സംശയം. കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെ.

ജോസ് കെ.മാണി തന്നെ വിളിച്ചത് അടക്കമുള്ള എല്ലാ കാര്യങ്ങളും വിജിലന്‍സ് എസ്.പിക്ക് എഴുതിക്കൊടുത്തതാണ്. അതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് എസ്.പി പറഞ്ഞത്. അധികാരമില്ലാത്തവരുടെ അടുത്ത് ഇനിയും പോയിട്ട് എന്ത് കാര്യം.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ വിജിലന്‍സ് അന്വേഷണം എല്‍.ഡി.എഫ്-യുഡിഎഫ് മുന്നണികള്‍ തമ്മില്‍ അഡ്ജസ്റ്റ്‌മെന്റിലേക്ക് പോകുമെന്ന് ഭയക്കുന്നു. മാണി വീട്ടില്‍ പോയി കാപ്പി കുടിച്ചതോടെ കേസ് പിന്‍വലിക്കുക മാത്രമല്ല, പാര്‍ട്ടിയെ മുന്നണിയിലേക്ക് വരെ എടുത്തു.

രമേശ് ചെന്നിത്തലയ്ക്ക് എതിരെ മൊഴി കൊടുക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചു പറഞ്ഞു. അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണിത്. പിന്നീട് രമേശ് ചെന്നിത്തലയും സുഹൃത്തിന്റെ ഫോണില്‍ നിന്ന് വിളിച്ചു. അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ രഹസ്യമൊഴി കൊടുത്തപ്പോള്‍ ചെന്നിത്തലയുടെ പേര് ഒഴിവാക്കിയത്. മുന്‍പ് വളരെ വ്യക്തിപരമായി അടുപ്പമുള്ള ആളായിരുന്നു. തിരുത്തല്‍വാദി വിഭാഗം ഉണ്ടാക്കുന്നത് വരെ തന്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത്. മൊഴി കൊടുക്കാതിരുന്നപ്പോള്‍ പിന്നീട് തനിക്കെതിരെ കേസെടുത്തു. രാഷ്ട്രീയത്തില്‍ ആരെ വിശ്വസിക്കും.

തനിക്ക് ജീവന് വരെ ഭീഷണിയുണ്ടായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഇന്റലിജന്‍സ് ഐ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരിക്കല്‍ വീടിനു മുകള്‍ നിലയില്‍ കയറിയ മൂന്ന് തമിഴ്‌നാട് സ്വദേശികളില്‍ ഒരാളെ പിടികൂടി പോലീസില്‍ ഏല്പിച്ചു. എന്നാല്‍ മുകളില്‍ നിന്ന് വിളി വന്നപ്പോള്‍ വിട്ടയച്ചുവെന്നാണ് പറയുന്നത്. വീണ്ടും പരാതി കൊടുത്തപ്പോള്‍ അയാളെ പിടികൂടി മാനസികരോഗിയാണെന്ന് പറഞ്ഞ് വിട്ടു.

ബാര്‍ ലൈസന്‍സിനായി കോടികള്‍ പിരിച്ചുവെന്ന് പറയുന്നുണ്ട്. എന്നാല്‍ എവിടെപോയി എന്ന് കണ്ടെത്താതെയാണ് വിജിലന്‍സ് അന്വേഷണം അവസാനിക്കുന്നത്. ബാബുവിന് എതിരെ വലിയ ആവേശത്തോടെ അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥന്‍ രണ്ടാം ദിവസം മുതല്‍ തണുപ്പന്‍മട്ടിലായി.
വി.എസ് ശിവകുമാറിനെതിരെ പരാതി കൊടുത്തിട്ട് അന്വേഷിക്കാന്‍ കഴിയില്ല, മുകളില്‍ നിന്ന് നിര്‍ദേശമില്ലെന്നാണ് വിജിലന്‍സ് പറയുന്നത്.

കെ.പി.സി.സി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തല എന്തിന് പണം വാങ്ങിയെന്നതാണ് പരിശോധിക്കേണ്ടത്. കിട്ടുന്നത് പങ്കിട്ടെടുക്കുന്ന രീതിയാണ് ഇവിടെ. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ല. പിരിച്ചെടുത്ത തുക എവിടെപ്പോയി എന്ന് അന്വേഷിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ബിജു രമേശ് ചോദിക്കുന്നു.



from mangalam.com https://ift.tt/2UOMUID
via IFTTT

No comments:

Post a Comment