കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ശബരിമല ക്ഷേത്രത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്നു സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനായി നിയമനിര്‍മാണം നടത്തും. പന്തളം രാജവംശത്തിലെ മുതിര്‍ന്ന അംഗമായ രാമവര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാടറിയിച്ചത്.
ശബരിമലയ്ക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കഴിഞ്ഞ മേയ് 28-നു മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബരിമല ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റി, പ്രത്യേക ബോര്‍ഡിനു കീഴിലാക്കണമെന്നും വീണ്ടും ദേവപ്രശ്നം നടത്തണമെന്നുമാണു രാമവര്‍മയുടെ ഹര്‍ജിയിലെ ആവശ്യം. 2011-ലെ ഉന്നതാധികാരസമിതി നിര്‍ദേശിച്ച രീതിയില്‍ ദേവപ്രശ്നം നടത്തണം. ക്ഷേത്രഭരണത്തിനായി ദേവസ്വം കമ്മിഷണര്‍, സെക്രട്ടറി, തന്ത്രി എന്നിവരും അയ്യപ്പസേവാസംഘം, പന്തളം കൊട്ടാരം പ്രതിനിധികളും ഉള്‍പ്പെട്ട സമിതി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ദേവസ്വം, റവന്യൂ വകുപ്പുകളാണ് എതിര്‍കക്ഷികള്‍. നാലാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ മറ്റൊരു ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു ഹിന്ദു എം.എല്‍.എമാരാണെങ്കിലും അവരില്‍ പലരും അവിശ്വാസികളാണെന്നാണു സുബ്രഹ്മണ്യന് സ്വാമിയുടെ വാദം. അതിനാല്‍, ഇപ്പോഴത്തെ രീതി മാറ്റി, വിശ്വാസത്തില്‍ ഊന്നിയുള്ള തെരഞ്ഞെടുപ്പ് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1258 ക്ഷേത്രങ്ങളാണുള്ളത്. ഇവയില്‍ ശബരിമല ഉള്‍പ്പെടെ 58 ക്ഷേത്രങ്ങളാണു കൂടുതല്‍ വരുമാനമുള്ളവ. ഈ വരുമാനമുപയോഗിച്ചാണു മറ്റു ക്ഷേത്രങ്ങളുടെ ചെലവുകള്‍ നടന്നുപോകുന്നത്. അതിനാല്‍, ശബരിമലയെ പ്രത്യേക ദേവസ്വം ബോര്‍ഡ് ആക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ത്തന്നെ തിരുപ്പതി മാതൃകയില്‍ പ്രത്യേക അതോറിറ്റിയാണു ദേവസ്വം വകുപ്പിന്റെ പരിഗണനയിലുള്ളത്. വര്‍ഷം തോറും ലക്ഷക്കണക്കിനു തീര്‍ഥാടകരെത്തുന്ന ക്ഷേത്രത്തിനു പ്രത്യേകഭരണസംവിധാനം ആവശ്യമാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്.
from mangalam.com https://ift.tt/2NTwa0G
via IFTTT
No comments:
Post a Comment