കൊച്ചി : സ്വപ്‌ന സുരേഷ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ അവരുടേതായി പ്രചരിപ്പിക്കപ്പെട്ട ശബ്ദരേഖയേക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇരുട്ടില്‍തപ്പി ക്രൈംബ്രാഞ്ച്. ജയില്‍ വകുപ്പില്‍നിന്ന് അനുമതി തേടിയപ്പോഴേക്കും സ്വപ്‌ന കസ്റ്റംസിന്റെ കസ്റ്റഡിയില്‍ പോയതാണ് ആദ്യ തിരിച്ചടിയായത്. ജയില്‍ വകുപ്പ് കസ്റ്റംസുമായി ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി വാങ്ങാനുമായിരുന്നു മറുപടി.
കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ എങ്ങനെ കോടതിയെ സമീപിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ഗുരുതര രാഷ്ട്രീയ ആരോപണത്തിനു കാരണമായ ശബ്ദരേഖ സ്വപ്‌നയുടേതാണോയെന്ന് ഉറപ്പിക്കാന്‍ പോലും സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് കേസെടുത്താലും തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയെ ക്രൈംബ്രാഞ്ചിന്റെ തനിച്ചുള്ള ചോദ്യംചെയ്യലിനു വിട്ടുകൊടുക്കുന്നതിനെ കസ്റ്റംസ് എതിര്‍ക്കാനാണു സാധ്യത. കോടതിയെ സമീപിച്ചാലും അനുവാദം ലഭിക്കാനും സാധ്യത കുറവ്. ക്രൈംബ്രാഞ്ച് നേരിട്ടു ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതു തെറ്റായ നടപടിയാണെന്നാണു നിയമവൃത്തങ്ങള്‍ പറയുന്നത്.
കുറ്റകൃത്യം നടന്നാല്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയശേഷമാണു കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സി കോടതിയുടെ അനുവാദം തേടേണ്ടത്. ഇക്കാര്യം ക്രൈംബ്രാഞ്ചിന് അറിയാഞ്ഞിട്ടല്ല. ഇവിടെ ശബ്ദത്തിന്റെ ഉടമയെന്നു പറയപ്പെടുന്ന ആള്‍ക്കു പരാതിയില്ല.
തന്റേതാണെന്നു സ്വപ്‌ന പൂര്‍ണമായും സമ്മതിച്ചിട്ടുമില്ല. ശബ്ദം റെക്കോഡ് ചെയ്ത മൊെബെല്‍ ഫോണ്‍ കണ്ടെത്തുന്നതും വെല്ലുവിളിയാണ്. കോടതിമുറിക്കു വെളിയില്‍വച്ചുള്ള സംഭാഷണമെന്നാണു പ്രാഥമിക നിഗമനം. പരാതിക്കാരില്ലാത്തതിനാല്‍ എതു വകുപ്പു ചുമത്തി കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണു ക്രൈബ്രാഞ്ച്. തുടരന്വേഷണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് അന്വേഷണ സംഘത്തലവന്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര അന്വേഷണമെന്ന നിലയിലാണ്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയാണു പോംവഴി.
കേസിന്റെ ഭാഗമല്ലാതെ ചോദ്യം ചെയ്യല്‍ അനുമതിക്കായി കോടതിയില്‍ അപേക്ഷ നല്‍കാനാവില്ല. ശബ്ദരേഖ പുറത്തുവന്നപ്പോള്‍ ആദ്യം അന്വേഷിക്കാതിരുന്ന പോലീസ് ഇ.ഡി കത്ത് നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ഈ ശബ്ദരേഖ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്തതാണെന്നാണ് ഇ.ഡിയുടെ നിഗമനം. ക്രൈംബ്രാഞ്ച് അന്വേഷണം െവെകുമെന്നതിനാല്‍, സ്വപ്‌നയില്‍ നിന്നു മൊഴിയെടുക്കാനും ഇ.ഡി. ഉദ്ദേശിക്കുന്നു.
from mangalam.com https://ift.tt/2HIOMQj
via IFTTT
No comments:
Post a Comment