ന്യൂഡല്‍ഹി: കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഹപ്രവര്‍ത്തകനും സിപിഎം നേതാവുമായ മൊഹമ്മദ് യൂസുഫ് താരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്ന് കശ്മീരില്‍ എത്തും. തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയാനുള്ള സന്ദര്‍ശനത്തിനപ്പുറത്ത് എന്തെങ്കിലും നീക്കമുണ്ടായാല്‍ സീതാറാം യെച്ചൂരിക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കും.
രാവിലെ 9.55നുള്ള ഇൻഡിഗോ വിമാനത്തിലാണ് യെച്ചൂരി കശ്മീരില്‍ എത്തുക. കശ്മീരിലെ നേതാക്കളെയെല്ലാം കരുതല്‍ തടങ്കലില്‍ വെച്ചും മിക്ക പ്രദേശങ്ങളും പട്ടാള കാവലിന് കീഴിലാക്കിയും കശ്മീരില്‍ പ്രത്യേക സുരക്ഷ നടപ്പിലാക്കിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്നാണ് സീതാറാം യെച്ചൂരി ഇന്നലെ കോടതി വിധി സമ്പാദിച്ചത്. സീതാറാം യെച്ചൂരിക്കൊപ്പം ഒരു സഹായിയും ഉണ്ടാകും.
കോടതി ഉത്തരവുപ്രകാരം വ്യാഴാഴ്ച ശ്രീനഗറിൽ എത്തുന്നുണ്ടെന്ന് അറിയിച്ച് ജമ്മു -കശ്മീർ ഗവർണർ സത്യപാൽ മല്ലിക്കിന് യെച്ചൂരി ഇന്നലെ തന്നെ കത്തയച്ചിരുന്നു. ആരോഗ്യം മോശമായതിനാല്‍ സഹായം ആവശ്യമാണെന്നും ഒരു സഹായിയെ ഒപ്പം കൂട്ടുമെന്നും യെച്ചൂരി കത്തിൽ പറഞ്ഞിട്ടുണ്ട്. യെച്ചൂരിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും, തരിഗാമി എവിടെയാണ് എന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണം എന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം തന്നെ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം ഒന്‍പതിന് തരിഗാമിയെ കാണുന്നതിനായി യെച്ചൂരി ശ്രീനഗറില്‍ എത്തിയെങ്കിലും സുരക്ഷാ സേന മടക്കിയയച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തിനൊപ്പവും യെച്ചൂരി എത്തിയെങ്കിലും വിമാനത്താവളത്തിന് പുറത്തിറങ്ങാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് യെച്ചൂരി കോടതിയെ സമീപിച്ചത്. താരിഗാമിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നം ഇല്ലെന്നും ഇപ്പോള്‍ സന്ദര്‍ശിക്കേണ്ട കാര്യമില്ലെന്നും സന്ദര്‍ശനാനുമതി നല്‍കുന്നത് കശ്മീരിലെ കാര്യങ്ങള്‍ വഷളാക്കുമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി യെച്ചൂരിക്ക് ഇന്നലെ അനുമതി നല്‍കിയത്. പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
യെച്ചൂരിയുടെ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത് സാഹചര്യത്തെ ദോഷകരമായി ബാധിക്കുമെന്ന സര്‍ക്കാരിന്റെ വാദവും സുപ്രീംകോടതി പരിഗണിച്ചില്ല. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് എടുത്തു മാറ്റിയതിന് പിന്നാലെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ഗാന്ധി, സീതാറാം യെച്ചൂരി എന്നിവരെ ശ്രീനഗറില്‍ സുരക്ഷാ വിഭാഗം തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ നാലാം തീയതി തന്നെ ഫോണില്‍ വിളിച്ച ശേഷം താരിഗാമിയുമായി പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം എവിടെയാണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു വിശദീകരണവും കിട്ടിയിട്ടില്ല. തുടങ്ങിയ കാര്യങ്ങള്‍ യെച്ചൂരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സഹപ്രവര്‍ത്തകനെ സന്ദര്‍ശിക്കുക, ആരോഗ്യ വിവരം അന്വേഷിക്കുക എന്നതിനപ്പുറത്ത് എന്നതല്ലാതെ മറ്റൊരു പരിപാടികളും പാടില്ലെന്നും. അങ്ങിനെ ചെയ്താല്‍ അത് കോടതിയലക്ഷ്യം ആയി കണക്കാക്കുമെന്നും യെച്ചൂരിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
from mangalam.com https://ift.tt/32aF51K
via IFTTT
No comments:
Post a Comment