Pages

Wednesday, 5 January 2022

വന്‍ വിവാഹത്തട്ടിപ്പ്; ഇരയായത് അമ്പതോളം പേര്‍

കൊഴിഞ്ഞാമ്പാറ(പാലക്കാട്): വിവാഹത്തട്ടിപ്പ് കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ തൃശ്ശൂര്‍ വാണിയമ്പാറ പൊട്ടിമട പുല്ലംപാടംവീട്ടില്‍ എന്‍. സുനില്‍ (40), പാലക്കാട് കേരളശ്ശേരി മണ്ണാന്‍പറമ്പ് അമ്മിണിപൂക്കാട് വീട്ടില്‍ വി. കാര്‍ത്തികേയന്‍ (40), വടക്കഞ്ചേരി കുന്നംകാട് കാരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ സജിത (32), കാവില്‍പ്പാട് ദേവീനിവാസില്‍ ദാമോദരന്റെ ഭാര്യ ദേവി (60), കാവശ്ശേരി ചുണ്ടക്കാട് അബ്ദുള്‍കരീമിന്റെ ഭാര്യ സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട്ടിലെ മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിനായി ആലോചനക്ഷണിച്ച തമിഴ്നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്ഠനെ (38) സംഘം ഗോപാലപുരം അതിര്‍ത്തിയിലെ അമ്പലത്തിലേക്ക് വിളിച്ചുവരുത്തി. സജിതയെ കാണിച്ച് പെണ്ണിന്റെ അമ്മയ്ക്ക് അസുഖമായതിനാല്‍ ഇന്നുതന്നെ വിവാഹം നടത്താമെന്ന് അറിയിച്ചു. ഗോപാലപുരത്തെ ആളൊഴിഞ്ഞ അമ്പലത്തില്‍ വിവാഹം നടത്തുകയും ചെയ്തു. ആദ്യവിവാഹബന്ധം വേര്‍പെട്ട് രണ്ടാംവിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മണികണ്ഠന്‍. വിവാഹച്ചെലവ്, ബ്രോക്കര്‍ കമ്മിഷന്‍ എന്നിവയിനത്തില്‍ ഒന്നരലക്ഷംരൂപ സംഘം കൈപ്പറ്റുകയും ചെയ്തു. വിവാഹംകഴിഞ്ഞ അന്നുതന്നെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയി. അടുത്തദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്നുപറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങി.

പിന്നീട് ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെവന്നതോടെ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ ആരുംതന്നെ ഈ പ്രദേശത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. പന്തികേടുതോന്നി ഡിസംബര്‍ 21-ന് കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന്, കൊഴിഞ്ഞാമ്പാറ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്. സമാന രീതിയില്‍ അമ്പതോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



from mangalam.com https://ift.tt/3ER7NYh
via IFTTT

No comments:

Post a Comment