Pages

Thursday, 20 May 2021

കഴിഞ്ഞ തവണത്തെ പേരുദോഷം പാഠമാക്കി സിപിഎം ; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളില്‍ 'പാര്‍ട്ടികൂറ്' പ്രധാന മാനദണ്ഡമാകും

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന് ഏറെ പേരുദോഷമുണ്ടാക്കിയത് പാഠമാക്കി ഇത്തവണ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ വീഴ്ച പറ്റാതെ നോക്കാന്‍ സിപിഎം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് ആരൊക്കെയെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനമെടുക്കും. പാര്‍ട്ടിക്കാരെ തന്നെ നിയോഗിക്കാനോ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാര്‍ ആകുന്നതെങ്കില്‍ അവരുടെ പാര്‍ട്ടി കൂറ് പരിശോധിച്ച ശേഷം നിയമനം നല്‍കാനുമാണ് ആലോചനകള്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും കൊണ്ടുവന്ന കണിശതയും മാനദണ്ഡവും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിലും നില നിര്‍ത്താനാണ് തീരുമാനം. ഇതിന്റെ ആദ്യ പടിയെന്ന വണ്ണമാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പി.യുമായിരുന്ന കെ.കെ. രാഗേഷിന്റെ നിയമിക്കാന്‍ തീരുമാനിച്ചത്.

വിരമിച്ച ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായിരുന്ന ആര്‍.മോഹനന് പകരമാണ് രാഗേഷ് വരുന്നത്. പക്ഷേ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് പുത്തലത്ത് ദിനേശന്‍ തുടര്‍ന്നേക്കും. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള മിക്കവരെയും നിലനിര്‍ത്താനാണ് സാധ്യത. സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയൊഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍ ആയതിനാല്‍ സ്റ്റാഫിന്റെ കാര്യത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്.

മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുടെയും ഓഫീസുകളില്‍ പാര്‍ട്ടി 'നിയന്ത്രണം' കൊണ്ടുവരാനാണ് ഇതിലൂടെ സിപിഎം ആലോചിക്കുന്നത്. കഴിഞ്ഞ തവണ എം.വി.ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറിസ്ഥാനത്തുനിന്ന് മാറിയശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പല തവണയാണ് വിവാദത്തില്‍ പെട്ടത്. ഇതോടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നൊരാള്‍ വേണമെന്ന വാദവും ശക്തമായിരുന്നു.

ഇത്തവണ പാര്‍ട്ടി നിശ്ചയിക്കുന്നവരാകും പ്രൈവറ്റ് സെക്രട്ടറിമാര്‍. സ്റ്റാഫുകള്‍ക്കും നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കാലാവധിക്കു മുമ്പ് വിരമിക്കുന്നവരെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയേക്കില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വേണ്ടെന്നാണ് പൊതു തീരുമാനം. ഉദ്യോഗസ്ഥരെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായി കൊണ്ടുവന്നാല്‍ മതിയെന്നാണ് സി.പി.എം. നിലപാട്. സി.പി.എം. അനുകൂല യൂണിയനുകളിലൂടെയാകും പ്രൈവറ്റ് സെക്രട്ടറിമാരെ തെരഞ്ഞെടുക്കുക.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാകുന്നവര്‍ക്ക് കഴിഞ്ഞ തവണ തീരുമാനിച്ചിരിക്കുന്ന മാനദണ്ഡം ഇത്തവണയും വേണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം എടുക്കും. ബിരുദം വിദ്യാഭ്യാസ യോഗ്യതയാക്കിയുളള മാനദണ്ഡം കഴിഞ്ഞ തവണ തന്നെ എടുത്തിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും ഒഴികെയുള്ളവരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പരമാവധി 27 അംഗങ്ങളെ മാത്രമേ കഴിഞ്ഞ തവണ നിയമിച്ചിരുന്നുള്ളൂ. സര്‍ക്കാരില്‍ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണം എന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ പുറത്തുനിന്ന് നിയമിക്കുന്നവരുടെ കാര്യത്തില്‍ ഈ പ്രായപരിധി ബാധകമല്ല.



from mangalam.com https://ift.tt/3yr325O
via IFTTT

No comments:

Post a Comment