Pages

Friday, 21 May 2021

'ഐയ്യേ' നാണക്കേട്‌! ആരാ നിങ്ങടെ നേതാവ്‌? രമേശോ സതീശനോ? നിയമസഭാസമ്മേളനം മറ്റന്നാള്‍

തിരുവനന്തപുരം : മുഖ്യമ്രന്തിയും മൂന്ന്‌ മന്ത്രിമാരുമൊഴികെ, സമ്പൂര്‍ണ പുതുനിരയുമായി രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണമാരംഭിച്ചിട്ടും പ്രതിപക്ഷനേതാവിനെപ്പോലും തെരെഞ്ഞടുക്കാനാകാതെ യു.ഡി.എഫ്‌. നാണംകെടുന്നു. ആദ്യമന്ത്രിസഭായോഗം ചേര്‍ന്ന്‌ നിയമസഭാസമ്മേളനത്തിന്റെ തീയതി കുറിച്ചു. ഭരണപക്ഷത്തിന്റെ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിച്ചു. എന്നിട്ടും കോണ്‍ഗ്രസിന്‌ ഇതുവരെ സ്വന്തം കക്ഷിനേതാവിനെ കണ്ടെത്താനായില്ല. ജനങ്ങള്‍ നല്‍കിയ തിരിച്ചടിയില്‍നിന്നു പാഠമുള്‍ക്കൊള്ളാതെ, പ്രതിപക്ഷനേതാവ്‌-കെ.പി.സി.സി. അധ്യക്ഷന്‍-യു.ഡി.എഫ്‌. കണ്‍വീനര്‍ പാക്കേജിനെച്ചൊല്ലി തമ്മിലടിക്കുകയാണു ഗ്രൂപ്പ്‌ നേതൃത്വങ്ങള്‍. അതും നിയുക്‌ത എം.എല്‍.എമാരുെട സത്യപ്രതിജ്‌ഞയ്‌ക്ക്‌ ഒരുദിവസം മാത്രം ശേഷിക്കേ.

നേതൃമാറ്റമെന്ന ആവശ്യമുന്നയിച്ച്‌ പാര്‍ട്ടിയില്‍ ഒരുവിഭാഗം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണു നിയമസഭാകക്ഷിനേതാവാരെന്ന തീരുമാനം വൈകുന്നത്‌. തെരെഞ്ഞടുപ്പ്‌ തോല്‍വിക്കുശേഷം ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര്‌ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാര്‍ട്ടിയിലെ പ്രബലമായ എ-ഐ ഗ്രൂപ്പ്‌ സമവാക്യത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പും കക്ഷിചേര്‍ന്നിരിക്കുന്നു. നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷം അവകാശപ്പെട്ടാണു രമേശ്‌ ചെന്നിത്തലയേയും വി.ഡി. സതീശനെയും പിന്തുണയ്‌ക്കുന്നവര്‍ തമ്മിലുള്ള പോര്‌. പ്രതിപക്ഷനേതൃസ്‌ഥാനത്തേക്കു സതീശനെ ഉയര്‍ത്തിക്കാട്ടിയുള്ള നീക്കം വേണുഗോപാലിന്റെ നേതൃത്വത്തിലാണെന്ന്‌ ഐ ഗ്രൂപ്പ്‌ ആരോപിക്കുന്നു.

നേതൃമാറ്റമെന്നതു പാര്‍ട്ടിയിലെ ഭൂരിപക്ഷാവശ്യമാണെന്നു മറുപക്ഷം വാദിക്കുന്നു. ഇതിനിടയിലും ചെന്നിത്തലയെ പിന്തുണച്ച്‌ എ ഗ്രൂപ്പിന്റെ അനിഷേധ്യനേതാവ്‌ ഉമ്മന്‍ ചാണ്ടി രംഗത്തുവന്നതും ശ്രദ്ധേയം. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയേയും മുന്നണിയേയും ഒന്നിച്ചുകൊണ്ടുപോകാന്‍ ചെന്നിത്തലയെ നിലനിര്‍ത്തണമെന്നാണു ഘടകകക്ഷികളുടെയും ആവശ്യമെന്ന്‌ അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ പാര്‍ട്ടി അകപ്പെട്ടിരിക്കേ, തെരഞ്ഞെടുപ്പ്‌ തോല്‍വിയെക്കുറിച്ച്‌ പരസ്യമായി വിഴുപ്പലക്കല്‍ വേണ്ടെന്നായിരുന്നു ധാരണ. എന്നാല്‍ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാന്‍ വൈകിയതോടെ പ്രതിഷേധം അണപൊട്ടി. കെ. മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനുമടക്കം നേതൃത്വത്തിനെതിരേ തുറന്നടിച്ചു. ചെന്നിത്തല-സതീശന്‍ തര്‍ക്കത്തില്‍ നിയുക്‌ത എം.എല്‍.എമാരും ഹൈക്കമാന്‍ഡ്‌ പ്രതിനിധികളെ നിലപാടറിയിച്ചിട്ടുണ്ട്‌. ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്തായാലും അംഗീകരിക്കുമെന്ന്‌ അവര്‍ വ്യക്‌തമാക്കി. എന്നാല്‍, ദേശീയതലത്തില്‍ ദുര്‍ബലമായ ഹൈക്കമാന്‍ഡിനാകട്ടെ പണ്ടത്തെപ്പോലെ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനയ്‌ക്കു ത്രാണിയില്ല. കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ മുസ്ലിം ലീഗ്‌ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും അതൃപ്‌തിയിലാണ്‌. ആര്‍.എസ്‌.പി. പരസ്യമായിത്തന്നെ പ്രതിഷേധിച്ചു. പ്രശ്‌നം നീണ്ടുപോയാല്‍ മറ്റ്‌ ഘടകകക്ഷികളും നിലപാട്‌ കടുപ്പിക്കും.

തുറന്നടിച്ച്‌ ഉണ്ണിത്താന്‍

കാസര്‍ഗോഡ്‌: കോണ്‍ഗ്രസില്‍ സമ്പൂര്‍ണമാറ്റം അനിവാര്യമെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പ്‌ രാഷ്ര്‌ടീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു. പൂച്ചയ്‌ക്ക്‌ ആരു മണികെട്ടുമെന്നതാണു പ്രശ്‌നം. അതു പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട്‌ കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന്‌ ഉണ്ണിത്താന്‍ തുറന്നടിച്ചു.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തകര്‍ന്നുതരിപ്പണമായി. അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്നു കരുതിയാണ്‌ മിണ്ടാതിരുന്നത്‌. പാര്‍ട്ടിയില്‍നിന്ന്‌ അകന്നുപോയവരെ തിരിച്ചെത്തിക്കാന്‍ കെല്‍പ്പുള്ളയാളെ പ്രതിപക്ഷനേതാവാക്കണം. കോണ്‍ഗ്രസിന്റെ അസ്‌തിത്വം ചോദ്യംചെയ്യപ്പെടുന്ന കാലത്ത്‌ ഗ്രൂപ്പ്‌ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാല്‍ അങ്ങേയറ്റം അപകടകരമാകും. ഗ്രൂപ്പ്‌ കളി തുടര്‍ന്നാല്‍ പ്രവര്‍ത്തകര്‍ നേരിട്ട്‌ ഇടപെടുന്ന സ്‌ഥിതിയുണ്ടാകും.



from mangalam.com https://ift.tt/2T1A38o
via IFTTT

No comments:

Post a Comment