Pages

Friday, 21 May 2021

മോഹന്‍ലാലിന്‌ 61-ാം പിറന്നാള്‍: ആഘോഷമില്ലാതെ ജന്മനാടായ ഇലന്തൂര്‍, തിരുവോണത്തോണിയും ആറന്‍മുള വള്ളംകളിയും... കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവച്ച് ബന്ധുക്കള്‍

ഇലന്തൂര്‍: മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ 61-ാംജന്മദിനമായിരുന്നു ഇന്നലെ. സാധാരണ ജന്മദിനങ്ങളില്‍ ലാലിന്റെ ജന്മനാടായ ഇലന്തൂരും അടുത്ത ബന്ധുക്കളുള്ള അയിരൂരും ആഘോഷം നടത്തുക പതിവുണ്ട്‌. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അതില്ല. കോവിഡ്‌ മഹാമാരി തന്നെ കാരണം. ഇക്കുറിയും മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആഘോഷമൊഴിവാക്കുകയാണ്‌ ഇലന്തൂരിലെയും അയിരൂരിലെയും ബന്ധുക്കളും സുഹൃത്തുക്കളും ചെയ്‌തത്‌.

അറുപതാം പിറന്നാള്‍ ആഘോഷിച്ച കഴിഞ്ഞ വര്‍ഷവും ഇലന്തൂരിലെ കുടുംബ കാവില്‍ വിളക്ക്‌ തെളിക്കുക മാത്രമായിരുന്നു ചടങ്ങ്‌. മഹാപ്രളയത്തിന്‌ ശേഷം കോവിഡ്‌ മഹാമാരി കൂടി വന്നതോടെ ആഘോഷങ്ങള്‍ ഒഴിവാക്കി കൂടുതല്‍ പേര്‍ക്ക്‌ സഹായ ഹസ്‌തം നല്‍കുക കൂടിയാണ്‌ ലാല്‍. ഇത്‌ കൂടി പരിഗണിച്ചാണ്‌ ബന്ധുക്കള്‍ ഒക്കെയും ചെന്നൈയിലുള്ള മോഹന്‍ലാലിനെ വിളിച്ച്‌ ആശംസ അറിയിച്ചത്‌.

മോഹന്‍ ലാലിന്റെ ജനനം ഇലന്തൂരിലാണെങ്കിലും പഠിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താ യിരുന്നു. അവധിക്കും വിശേഷാല്‍ ചടങ്ങുകളിലും പങ്കെടുക്കാന്‍ മാത്രമായിരുന്നു നാട്ടിലേക്കുള്ള യാത്ര. മൂന്നു വര്‍ഷം മുന്‍പ്‌ കുടുംബ കാവിലെപൂജകളില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഒപ്പം അമ്മാവന്റെ മകനും സിനിമാ സംവിധായകനുമായ ബി. ഉണ്ണികൃഷ്‌ണനും ഉണ്ടായിരുന്നു. ഒരു രാത്രി മുഴുവന്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്താണ്‌ അന്ന്‌ മടങ്ങിയത്‌.കുടുംബത്തിലെ അടുത്ത തലമുറയിലെ ആരും തറവാട്ടില്‍ താമസമില്ല. സ്‌ഥിരമായി താമസിക്കുന്നുമില്ല. എന്നാല്‍ കുടുംബത്തിലെയും കാവിലെയും ചടങ്ങുകള്‍ എല്ലാം കൃത്യമായി നടത്താറുണ്ടെന്ന്‌ മോഹന്‍ലാലിന്റെ വലിയ അമ്മാവന്‍ ശ്രീധരന്‍ പിള്ളയുടെ മകള്‍ ശീലേഖ പറഞ്ഞു. സഹോദരി ശ്രീലതയും കുടുംബത്തിലെത്താറുണ്ട്‌. ഇലന്തൂരില്‍ മോഹന്‍ലാല്‍ പിറന്നെങ്കിലും ബാല്യസ്‌മരണകള്‍ നിലനില്‍ക്കുന്നത്‌ ഏറെയും അയിരൂര്‍ ഗ്രാമത്തിലാണ്‌ എന്ന്‌ പിതാവിന്റെ സഹോദരിയുടെ മകനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അസി. കമ്മിഷണറുമായ എം.ആര്‍.ജഗന്മോഹന്‍ദാസ്‌ പറഞ്ഞു.

മോഹന്‍ലാല്‍ നീന്തല്‍ പഠിച്ചത്‌ പമ്പയാറ്റിലാണ്‌. അയിരൂര്‍ മൂക്കന്നൂരില്‍ അപ്പച്ചിയുടെ വീട്ടിലായിരുന്നു ബാല്യകൗമാരങ്ങളിലെ അവധിക്കാലം. അച്‌ഛന്‍ വിശ്വനാഥന്‍ നായരുടെ സഹോദരി ഭാര്‍ഗവിയമ്മയുടെ വീടാണ്‌ അയിരൂരിലുള്ളത്‌. ഓണാവധിക്കാണ്‌ കൂടുതലും ഇവിടെ എത്താറുണ്ടായിരുന്നത്‌. തിരുവോണത്തോണിയ്‌ക്ക്‌ ഒപ്പവും ആറന്‍മുള വള്ളംകളിയും ഒക്കെയായി ഗ്രാമത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴും അദ്ദേഹം പേരെടുത്ത്‌ അന്വേഷിക്കുന്ന സുഹൃത്തുക്കള്‍ അയിരൂര്‍, പുതിയകാവ്‌, മൂക്കന്നൂര്‍ ഭാഗങ്ങളില്‍ ഉണ്ടെന്നും ജഗന്‍മോഹന്‍ ദാസ്‌ പറഞ്ഞു.

മാരാമണ്‍ മൗണ്ട്‌ തീയേറ്ററും സിനിമയും ആയിരുന്നു കുട്ടിക്കാലത്തെ പ്രധാന വിനോദം. ജന്മദിനത്തില്‍ രാവിലെ ജഗന്മോഹന്‍ദാസ്‌ പിറന്നാള്‍ ആശംസ നേരാന്‍ വിളിച്ചിരുന്നു. ചെന്നെയിലാണ്‌ കുടുംബത്തോടൊപ്പം. ലോക്ക്‌ ഡൗണ്‍ കാരണം കൊച്ചിയിലേക്ക്‌ എത്താന്‍ കഴിഞ്ഞിട്ടില്ല. അമ്മയെ കണ്ടിട്ടും ദിവസങ്ങളായി എന്നറിയിച്ചു.



from mangalam.com https://ift.tt/3fGzPvd
via IFTTT

No comments:

Post a Comment