Pages

Thursday, 20 May 2021

13 ാം നമ്പര്‍ വാഹനം ഇത്തവണ മന്ത്രി അനിലിന് ; ഇനി അറിയേണ്ടത് നിര്‍ഭാഗ്യത്തിന്റെ മന്‍മോഹന്‍ ബംഗ്‌ളാവ് ആര്‍ക്കെന്ന്

തിരുവനന്തപുരം: മന്ത്രിമാരുടെ വസതിയും ഓഫീസും വാഹന നമ്പറുകളും സംബന്ധിച്ച അന്ധവിശ്വാസം തുടരുന്നതിനിടയില്‍ 13 ാം നമ്പര്‍ വാഹനം സിവില്‍ സപ്‌ളൈസ് വകുപ്പ് കിട്ടിയ സിപിഐ യുടെ ജി.ആര്‍. അനിലിന്. ഇതോടെ ഇനി അറിയേണ്ടത് മന്‍മോഹന്‍ ബംഗ്‌ളാവ് ആരെടുക്കും എന്നതാണ്. കഴിഞ്ഞ തവണ 13 ആം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ മന്ത്രി തോമസ് ഐസക് തയ്യാറായിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രിമാരുടെ വാഹനത്തിനു താല്‍ക്കാലിക നമ്പര്‍ അനുവദിച്ചപ്പോഴായിരുന്നു ജി.ആര്‍. അനിലിന് 13 നല്‍കിയത്. മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്. ഇത്തവണ ടൂറിസം വകുപ്പ് കൈമാറിയ വാഹനങ്ങളില്‍ 13 ആം നമ്പര്‍ വാഹനം ഇല്ലായിരുന്നു. താല്‍ക്കാലിക നമ്പര്‍ കിട്ടിയവരില്‍ നിന്നു ആവശ്യമുണ്ടായാല്‍ 13 ആം നമ്പര്‍ നല്‍കാനായിരുന്നു തീരുമാനം.

താല്‍ക്കാലിക നമ്പര്‍ പതിച്ച വാഹനങ്ങളിലാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ മന്ത്രിമാര്‍ സഞ്ചരിച്ചത്. 21 വാഹനങ്ങളാണ് പുതിയ മന്ത്രിമാര്‍ക്കായി ഒരുങ്ങുന്നത്. എല്ലാവര്‍ക്കും ഇന്നോവ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. അതില്‍ 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. അതും പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് മാറ്റി നല്‍കും.

ഔദ്യോഗിക വസതികളുടെ കാര്യത്തിലുമുണ്ട് അന്ധവിശ്വാസം. മന്‍മോഹന്‍ സിംഗ് ബംഗ്‌ളാവിന്റെ കാര്യത്തിലാണ് ഇക്കാര്യമുള്ളത്. നേരത്തേ 13 ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത് പോലെ തന്നെ കഴിഞ്ഞ തവണ ഇതും ഔദ്യോഗിക വസതിയാക്കി ഏറ്റെടുത്തത് തോമസ് ഐസക്കായിരുന്നു. രാശി ഇല്ലാത്ത കെട്ടിടമെന്നു പേരുകേട്ട മന്‍മോഹന്‍ ബംഗ്ലാവും 13 ാം നമ്പര്‍ വാഹനവും ഏറ്റെടുത്ത തോമസ് ഐസക് പക്ഷേ ഇത്തവണ ഇല്ല. കഴിഞ്ഞ തവണത്തെ 20മന്ത്രിമാരില്‍ നിന്നു എണ്ണം 21ലേക്ക് ഉയര്‍ന്നതോടെ ഒരു വസതി അധികം കണ്ടെത്തേണ്ടി വരും.

മന്ത്രിമാരുടെ ഓഫീസിന്റെ കാര്യത്തിലും തീരുമാനമായി. 13 അക്കം ഉള്‍പ്പെടുന്ന മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിക്ക് ഉപയോഗിച്ചിരുന്ന 131 ാം നമ്പര്‍ മുറി പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് ലഭിച്ചു. നോര്‍ത്ത് ബ്ലോക്ക് രണ്ടാംനിലയിലാണ് റൂം നമ്പര്‍ 131.

നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്ക് , സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച് ബ്ലോക്ക്, അനക്‌സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും പുതിയ മന്ത്രിസഭയിലും ഇടംലഭിച്ച കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍ എന്നിവരും സെക്രട്ടേറിയറ്റില്‍ ഉപയോഗിച്ചിരുന്ന ഓഫീസ് മുറികളില്‍ തുടരും. വകുപ്പ്‌ മാറിയെങ്കിലും ശശീന്ദ്രനും കൃഷ്‌ണന്‍കുട്ടിക്കും പഴയ മുറികള്‍ തന്നെ അനുവദിക്കുകയായിരുന്നു.

ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫിസുകള്‍. വകുപ്പ് മാറിയെങ്കിലും ശശീന്ദ്രനും കൃഷ്ണന്‍കുട്ടിക്കും പഴയ മുറികള്‍ തന്നെ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ രണ്ടാംസ്ഥാനക്കാരനായിരുന്ന ഇ.പി. ജയരാജന്‍ ഉപയോഗിച്ചിരുന്ന മുറി തന്നെയാണു പുതിയ വ്യവസായമന്ത്രി പി. രാജീവിന്റേത് - നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കില്‍ മൂന്നാം നിലയിലെ 216-ാം നമ്പര്‍.

സെക്രട്ടേറിയറ്റ് അനക്സ് രണ്ടില്‍ രണ്ടാം നിലയില്‍ നേരത്തേ കടകംപള്ളി സുരേന്ദ്രന്‍ ഉപയോഗിച്ചിരുന്ന 201-ാം നമ്പര്‍ മുറി പുതിയ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കാണു ലഭിച്ചത്. അനക്സ് ഒന്ന് അഞ്ചാം നിലയില്‍ എ.സി. മൊയ്തീന്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ ഇനി മന്ത്രി എം.വി. ഗോവിന്ദനുണ്ടാകും. അനക്സ് രണ്ട് ഏഴാം നിലയില്‍ റൂം നമ്പര്‍ 701 ആണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്. മുന്‍ഗാമിയായിരുന്ന കെ.കെ. ശൈലജ ഉപയോഗിച്ചിരുന്ന ഇതേ ഓഫീസ് മുറി ഈ കോവിഡ് കാലത്തും ശ്രദ്ധാകേന്ദ്രമായി തുടരും.



from mangalam.com https://ift.tt/3ysKgeo
via IFTTT

No comments:

Post a Comment