Pages

Sunday, 22 November 2020

എയര്‍ ഡക്കാന്റെ ഹിറ്റായ മുരളിയുടെ പരസ്യം; അമരക്കാര്‍ ഇവരാണ്

സൂര്യ, അപര്‍ണ ബാലമുരളി, ഉര്‍വശി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച സുരരൈ പോട്ര് ആണ് സിനിമ പ്രേമികളുടെയും സോഷ്യല്‍ മീഡിയയിലെയും പ്രധാന ചര്‍ച്ച. സുധ കൊങ്ങര സംവിധാനം ചെയ്ത 'സുരരൈ പോട്ര്' ഒ.ടി.ടി റിലീസിലൂടെയാണ് എത്തിയത്. എന്നാല്‍ ചിത്രം തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിന്റെ നിരാശ പല ആരാധകരും പങ്കുവെയ്ക്കുന്നത്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ആത്മകഥയായ 'സിംപ്ലി ഫ്‌ളൈ എ ഡെക്കാന്‍ ഒഡീസി' എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ചില ഏടുകളേയും അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

എയര്‍ ഡെക്കാനെ കുറിച്ച് ഈ തലമുറ സുരരൈ പോട്രിലൂടെയാണ് മനസിലാക്കിയതെങ്കില്‍ 15 വര്‍ഷം മുന്‍പ് എയര്‍ ഡെക്കാന്റെ ഒരു ഗംഭീര പരസ്യം റിലീസ് ചെയ്തിരുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാം എന്നത് പോലെ അന്തരിച്ച നടന്‍ മുരളിയായിരുന്നു ഈ പരസ്യത്തില്‍ അഭിനയിച്ചത്. സുരരൈ പോട്രിന്റെ ഗംഭീര വിജയത്തോടെ 15 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഈ പരസ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണര്‍ സത്യജിത് റേ സിനിമയെന്നു വിശേഷിപ്പിച്ച ഈ പരസ്യം സംവിധാനം ചെയ്തത് മനോജ് പിള്ളയായിരുന്നു. മനോജ് പിള്ളയുടെ തിങ്ക് പോട്ട് എന്ന ഏജന്‍സി തന്നെയായിരുന്നു ഈ പരസ്യം നിര്‍മ്മിച്ചത്. കഥ എഴുതിയതു ലിയൊ ബനറ്റ് എന്ന പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് തലവനായ മാവിലേക്കര സ്വദേശി തോമസ് സേവ്യറായിരുന്നുവെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ ജോലി കിട്ടിപ്പോയ മകന്‍ ഗ്രാമത്തിലെ ആശാരിയായ അച്ഛനു എയര്‍ ഡക്കാന്‍ ടിക്കറ്റ് അയച്ചു കൊടുക്കുന്നതാണ് പരസ്യത്തിന്റെ കഥ. കുട്ടിക്കാലത്ത് മകന് ഉണ്ടാക്കിക്കൊടുത്ത മരത്തിന്റെ കളിപ്പാട്ട വിമാനവുമായാണ് ഈ അച്ഛന്‍ ഡല്‍ഹിയില്‍ മകന്റെ അടുത്തേക്ക് പോകുന്നതും. നീണ്ട നാളത്തെ അന്വേഷണത്തിന് ശേഷമാണു പരസ്യത്തിന് അനുയോജ്യനായ നടനായി മുരളിയെ മനോജ് പിള്ള കണ്ടെത്തുന്നത്. എന്നാല്‍ പരസ്യത്തില്‍ അഭിനായിക്കാന്‍ ഇല്ലെന്ന് മുരളി ആദ്യം പറഞ്ഞു. പക്ഷേ മുരളി കഥ കേട്ടതോടെ മനസ് മാറുകയും സമ്മതിക്കുകയായിരുന്നു.



from mangalam.com https://ift.tt/3lZREYc
via IFTTT

No comments:

Post a Comment