Pages

Tuesday, 24 November 2020

വിടപറഞ്ഞത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍, കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍

ന്യുഡല്‍ഹി: മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിക്കളയുന്നത് കോണ്‍ഗ്രസിനെയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിക്കും നേതൃത്വത്തിനും കരുത്ത് നല്‍കുന്ന പട്ടേല്‍ നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് എന്നും അറിയപ്പെട്ടിരുന്നതും. എട്ട് തവണ പാര്‍ലമെന്റില്‍ എത്തിയെങ്കിലും അധികാരത്തിന്റെ ഉന്നതങ്ങളില്‍ ഒരിക്കലും പട്ടേലിനെ കണ്ടിട്ടില്ല. എന്നൂം കോണ്‍ഗ്രസ് നേതൃത്വത്തിനു പിന്നിലിരുന്ന ചരട്‌നീക്കം നടത്താനായിരുന്നു പട്ടേലിന്റെ നിയോഗം.

2004-2014 വരെയുള്ള രണ്ട് യുപിഎ സര്‍ക്കാരുകളുടെ കാലത്ത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും നല്ലരീതിയില്‍ യോജിപ്പിച്ചുകൊണ്ടുപോയത് പട്ടേലിന്റെ കഴിവായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി 2001 മുതല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. നിലവില്‍ എ.ഐ.സി.സി ട്രഷററുമായിരുന്നു. പാര്‍ട്ടിയെ ഏതു പ്രതിസന്ധിയിലും കരകയറ്റാനുള്ള അസാമാന്യ കഴിവ് പട്ടേലിനുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഏതു പൊട്ടിത്തെറികളും അദ്ദേഹം നിഷ്പ്രയാസം പരിഹരിച്ചിരുന്നു.

ഗുജറാത്തില്‍ ബി.ജെ.പിയുടെ തലവേദനയുമായിരുന്നു പട്ടേല്‍. കഴിഞ്ഞ തവണ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലെത്തിയ പട്ടേല്‍ ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കു മേല്‍ നേടിയ വിജയം കൂടിയായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്നതടക്കം പട്ടേലിനെ പരാജയപ്പെടുത്താന്‍ അമിത് ഷാ എല്ലാ തന്ത്രങ്ങളും പുറത്തെടുത്തെങ്കിലും പട്ടേലിനു മുന്നില്‍ അവസാനം അടിയറവ് പറയേണ്ടിവന്നു.

എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി തുടങ്ങിയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന നേതാവുമായിരുന്നു അഹമ്മദ് പട്ടേല്‍.

1949 ഓഗസ്റ്റ് 21ന് ഗുജറാത്തിലെ ബറുചയില്‍ ജനിച്ച പട്ടേല്‍ വ്യക്തി പ്രഭാവത്തിലൂടെ തിളങ്ങിനിന്ന നേതാവുമായിരുന്നു. 1977ലെ ജനതാപാര്‍ട്ടി തരംഗത്തിനിടെയിലും ബറുചയില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചുകയറി. അക്കാലത്ത് ഗുജറദാത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു 28 വയസുകാരനായിരുന്ന പട്ടേല്‍. എട്ട് തവണ പാര്‍ലമെന്റില്‍ എത്തിയെങ്കിലും ഒരിക്കലൂം അധികാരസ്ഥാനത്ത് എത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. 2004ല്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാന്‍ ക്ഷണം ലഭിച്ചുവെങ്കിലും അത് നിരസിച്ച അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തില്‍ തന്നെ തുടര്‍ന്നു.

2018ലാണ് എ.ഐ.സി.സി ട്രഷററായി ചുമതലയേല്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ കോണ്‍ഗ്രസിന് ഫണ്ട് കണ്ടെത്തേണ്ട ഭാരിച്ച ചുമതലയും പട്ടേലിനായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തും പാര്‍ട്ടി നിയോഗിച്ച ചുമതല വിജയകരമായി നടത്തിയ പാരമ്പര്യവും പട്ടേലിനുണ്ടായിരുന്നു. നെഹ്‌റുവിന് ഉചിതമായ സ്മാരകം വേണമെന്ന രാജീവ് ഗാന്ധിയുടെ ആഗ്രഹം സാമ്പത്തിക പ്രതിസന്ധിയില്‍ നീണ്ടുപോയതോടെ ചുമതല പട്ടേലിന്റെ ചുമലിലെത്തി. ക്രിക്കറ്റ് മത്സരങ്ങളും മറ്റും സംഘടിപ്പിച്ച് ഫണ്ട് കണ്ടെത്തിയ പട്ടേല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നെഹ്‌റു ഭവന്‍ യഥാര്‍ത്ഥ്യമാക്കി. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട 1996-2000ലും പാര്‍ട്ടിയുടെ ഖജനാവ പട്ടേലിന്റെ കയ്യില്‍ ഭദ്രമായിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്ഥാപിച്ചു.

രാഷ്ട്രീയ തര്‍ക്കങ്ങളില്‍ എന്നൂം പ്രശ്‌ന പരിഹാരവും പട്ടേലിന്റെ പക്കുണ്ടായിരുന്നു. കേരളത്തിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരുകാലത്ത് ഏറെ പ്രയത്‌നിച്ച പട്ടേലിന് ഒടുവില്‍ 'അലുമിനിയം പട്ടേല്‍' എന്ന പരിഹാസ വിളി വരെ കേള്‍ക്കേണ്ടി വന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളുടെ നടപടിയിലും അദ്ദേഹം വിയോജിപ്പ് പ്രകടിച്ചിരുന്നു.



from mangalam.com https://ift.tt/3q1JNeP
via IFTTT

No comments:

Post a Comment