Pages

Thursday, 2 July 2020

ജോസ് കെ മാണി വന്നാല്‍ ഇടതുമുന്നണിക്ക് തലവേദന പാലാ ; മാണി സി കാപ്പന് രാജ്യസഭാ സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ നീക്കം

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും വിട്ടതോടെ ജോസ് കെ മാണിയില്‍ കൊതി മൂത്തിരിക്കുന്ന ഇടതുപക്ഷത്തിന് തലവേദനയായി പാലാ നിയമസഭാ സീറ്റ്. ഇവിടെ ഇടതുപക്ഷത്തെ തുണച്ച മാണി സി കാപ്പനെ തള്ളാതെ തന്നെ പാലായില്‍ ശക്തമായ സ്വാധീനമുള്ള ജോസ് കെ മാണിയെ പാളയത്തില്‍ എത്തിക്കാന്‍ സിപിഎം തന്ത്രം മെനയുന്നു. പാലാ വിട്ടു കൊടുക്കില്ലെന്ന മാണി സി കാപ്പന്റെ പരസ്യ പ്രതികരണത്തിനിടയില്‍ രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നല്‍കി നിയമസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് മദ്ധ്യതിരുവിതാം കൂറില്‍ നേട്ടം കൊയ്യുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിനായി എങ്ങിനെയും ജോസ് കെ മാണി വിഭാഗത്തെ ഇടുതപക്ഷത്ത് എത്തിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയാല്‍ അവര്‍ക്ക് പാലാ സീറ്റ് നല്‍കേണ്ടി വരും. അതേസമയം തന്നെ കെ എം മാണിയിലൂടെ യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പാലാ മാണിക്ക് ശേഷം ഇടതുപക്ഷത്തിലേക്ക് എത്തിച്ച മാണി സി കാപ്പനെയും എന്‍സിപിയെയും പരിഗണിക്കുകയും വേണം. ഇതോടെയാണ് അടുത്ത രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നല്‍കുന്ന ഫോര്‍മുല ആലോചിക്കുന്നത്.

ഇതിനൊപ്പം എല്‍.ഡി.എഫിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെയും ജോസ് കെ. മാണി വിഭാഗത്തെയും ''ലയിപ്പിച്ച്'' കൂടെനിര്‍ത്താനാണ് ഇടതുനീക്കം. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, സ്‌കറിയാ തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്, ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിനെയും ഒരുമിപ്പിക്കാനാണ് ശ്രമം. എന്നാല്‍ ജോസ് കെ മാണിയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസും സ്‌കറിയാ തോമസിന്റെ നേതൃത്വത്തിലുമുള്ള വിഭാഗവും ഉണ്ടായത്.

ജോസ് കെ മാണിയെ ഇടതുപാളയത്തില്‍ എത്തിക്കുന്നതില്‍ പക്ഷേ ഇടതുപക്ഷത്തെ പ്രബലരായ സിപിഐ യെ സിപിഎമ്മിന് ഇണക്കേണ്ടി വരും. ജോസ് വിഭാഗത്തെ സി.പി.എം. പ്രശംസിക്കുമ്പോഴും സി.പി.ഐ. ഇതുവരെ വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല. ജോസ് വിഭാഗത്തെ സ്വീകരിക്കുന്നത് ഇടതുമുന്നണിയുടെ അജന്‍ഡയിലില്ലെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. അതേസമയം, ജോസ് വിഭാഗം എല്‍.ഡി.എഫിലേക്കു വരേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും കാനം വ്യക്തമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/3dQaGv2
via IFTTT

No comments:

Post a Comment