Pages

▼

Tuesday, 27 August 2019

ഷാനുവിന്റെ എടുത്തുചാട്ടം ഭാര്യയുടെ ജീവിതവും തകര്‍ത്തു ; പ്രതികളുടെ യുവത്വം പൂര്‍ണമായും ജയിലിലാകും ; സര്‍ക്കാരിന്റെ കാരുണ്യമുണ്ടായില്ലെങ്കില്‍ മോചനം മരണത്തിലൂടെ മാത്രം

കൊല്ലം: സഹോദരി ഒരാളെ പ്രണയിച്ചു വിവാഹം കഴിച്ചെന്നറിഞ്ഞപ്പോഴത്തെ ചോരത്തിളപ്പില്‍ എടുത്തുചാടിയ ഷാനു തകര്‍ത്തത് ഭാര്യ ജെസിയുടെ ജീവിതവും. കെവിന്‍ തന്റെ സഹോദരിയെ വിവാഹം കഴിച്ചതറിഞ്ഞ് ഷാനു ഗള്‍ഫില്‍നിന്നു പാഞ്ഞെത്തുകയായിരുന്നു. തിരുവനന്തപുരത്തു വിമാനമിറങ്ങിയ ശേഷം പോയതു പേരൂര്‍ക്കട വഴയില രാധാകൃഷ്ണന്‍ ലെയിനില്‍ ജെസിയുടെ വീട്ടിലേക്കാണ്.

കേവലം ഒരു മണിക്കൂര്‍ മാത്രമാണ് ഷാനു ഭാര്യവീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. നീനുവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരണമെന്നു പറഞ്ഞാണു പോയത്. ജെസിയും വീട്ടുകാരും പിന്നീടു കേട്ടത് കെവിന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ്. അതിന്റെ ഞെട്ടലില്‍ മറ്റുള്ളവരില്‍ നിന്ന് അകന്നാണു ജെസിയും മാതാപിതാക്കളും കഴിയുന്നത്. ചിലപ്പോള്‍ ബന്ധുക്കളാരെങ്കിലും കാണാന്‍ വരും. നാണക്കേടു മൂലം വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഷാനുവിന്റെ മാതാപിതാക്കളെപ്പോലെ, ജെസിയുടെ മാതാപിതാക്കളും മിശ്രവിവാഹിതരാണ്. കര്‍ണാടകയില്‍ നഴ്‌സായ ജെസി അവധി കിട്ടുമ്പോള്‍ പേരൂര്‍ക്കടയിലെ വീട്ടിലേക്കാണു വരുന്നത്.

ഷാനുവിന്റെ കുടുംബവുമായി അടുപ്പം പുലര്‍ത്താറില്ല. ശിക്ഷ വിധിച്ചതോടെ ഷാനു ഉള്‍പ്പെടെയുള്ള പ്രതികളുടെ യുവത്വം പൂര്‍ണമായും ജയിലിലാകും. സര്‍ക്കാരിന്റെ കാരുണ്യമുണ്ടായില്ലെങ്കില്‍ മരണത്തിലൂടെയാകും ജയില്‍മോചനം. ജീവപര്യന്തം തടവെന്നാല്‍ സ്വാഭാവിക മരണം വരെയുള്ള ജയില്‍ശിക്ഷയാണെന്നു സുപ്രീം കോടതി പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ 20 വര്‍ഷം കഠിനതടവായി മാറ്റിയതു പോലും യഥാര്‍ഥത്തില്‍ ഇളവാണെന്നു സുപ്രീം കോടതി നിലപാടെടുത്തിരുന്നു.

അതേസമയം, സര്‍ക്കാരുകളുടെ ശിപാര്‍ശ കണക്കിലെടുത്ത് ശിക്ഷയിളവ് നല്‍കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും അധികാരമുണ്ട്. കെവിന്‍ കേസിലെ മൂന്നാം പ്രതി ഇഷാന്‍ ഇസ്മയിലിന് 21 വയസേയുള്ളൂ. ഏഴാം പ്രതി ഷിഫിന്‍ സജാദാ(28)ണ് ഏറ്റവും മുതിര്‍ന്നയാള്‍. ജയിലിലെ സ്വഭാവം, മാനസാന്തരപ്പെടാനുള്ള സാധ്യത തുടങ്ങി പല കാരണങ്ങളും കണക്കിലെടുത്ത് ഇളവു ലഭിച്ചേക്കാമെങ്കിലും 14 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടിവരുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ശിക്ഷയിളവ് പ്രതികളുടെ അവകാശമല്ല. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരില്‍ ഏഴു പേര്‍ 28 വര്‍ഷമായി ജയിലിലാണ്.

കെവിന്റെ ദുരഭിമാനക്കൊലയുടെ ഓര്‍മകളില്‍നിന്നു ചാലിയേക്കര ഗ്രാമം ഇതുവരെ മുക്തമായിട്ടില്ല. കൊല്ലം ജില്ലയിലെ ഈ ചെറിയ മലയോരഗ്രാമം നാടിനെ നടുക്കിയ സംഭവങ്ങള്‍ക്കു സാക്ഷിയായതോടെ വലിയ മാധ്യമ ശ്രദ്ധയില്‍ വന്നു. സംഭവവുമായി ബന്ധപ്പെട്ടു തെന്മല പോലീസ് പ്രതികളില്‍ ഒരാളായ ഇഷാനെ കസ്റ്റഡിയില്‍ എടുത്തതോടെ പ്രദേശം കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാലിയേക്കര തോടും പരിസരപ്രദേശവും പരിശോധിച്ചത്. റോഡില്‍നിന്ന് 500 മീറ്റര്‍ അകലയാണ് കെവിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിലെ പ്രതികള്‍ തെന്മല ഒറ്റക്കല്‍ സ്വദേശികളാണ്.

സഹോദരനും കൂട്ടാളികള്‍ക്കും ശിക്ഷ ഉറപ്പാക്കിയത് നീനുവിന്റെ പതറാതെയുള്ള മൊഴിയായിരുന്നു. പ്രതിക്കൂട്ടില്‍ തനിക്കുനേരേ െകെകൂപ്പി നിന്ന പിതാവിന്റെയും സഹോദരന്റെയും മുഖത്തേക്ക് ഒരു നിമിഷമെങ്കിലും നോട്ടമെത്തിക്കാതെ അഞ്ചു മണിക്കൂറാണു നീനു കോടതിയില്‍ മൊഴി നല്‍കിയത്. പിതാവ് ഒഴിവായെങ്കിലും ജയിലിലേക്കു പോകുന്നത് നീനുവിന്റെ സഹോദരനടക്കം 10 യുവാക്കള്‍. കെവിന്‍ താഴ്ന്ന ജാതിക്കാരനാണ്, അവനൊപ്പം ജീവിക്കാമെന്നു കരുതേണ്ട, രണ്ടിനെയും വെട്ടിക്കൊല്ലും... എന്നിങ്ങനെ അച്ഛന്‍ തന്നോടു പറഞ്ഞിരുന്നുവെന്ന് ഒട്ടും പതറാതെയാണു നീനു മൊഴി നല്‍കിയത്. ദൃസാക്ഷികളില്ലാതിരുന്ന കേസില്‍ ഇതു നിര്‍ണായകമായി.

തന്നെ കാണാനില്ലെന്നു മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു കെവിനൊപ്പം താന്‍ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയെന്നും മാതാപിതാക്കള്‍ സ്‌റ്റേഷനില്‍നിന്നു ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും നീനു മൊഴി നല്‍കിയിരുന്നു. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്.ഐ. അന്നു കെവിന്റെ കഴുത്തില്‍ പിടിച്ചു തള്ളിയതായും നീനു പറഞ്ഞിരുന്നു. സ്‌റ്റേഷനില്‍വച്ച് കെവിനെ തന്റെ അച്ഛന്‍ അധിക്ഷേപിച്ചു. ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തി.

തന്റെ വീട്ടുകാര്‍ക്കൊപ്പം പോകാനാണു പോലീസും ആവശ്യപ്പെട്ടത്. രണ്ടാം പ്രതിയായ നിയാസും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. നിയാസ് തുടര്‍ച്ചയായി കെവിനെ ഫോണ്‍ വിളിച്ചിരുന്നെന്നും നീനു പറഞ്ഞു. സാമ്പത്തിക അന്തരമല്ല, ജാതിയുടെ പേരിലുള്ള പ്രശ്‌നമാണു കെവിന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും തന്റെ പിതാവും സഹോദരനുമാണ് അതിന്റെ കാരണക്കാരെന്നും നീനു കോടതിയില്‍ മൊഴി കൊടുത്തു.

ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയും ജോലിയുമുണ്ടെന്നു കെവിന്‍ നീനുവിനെ തെറ്റിദ്ധരിപ്പിച്ചിരുന്നതായുള്ള പ്രതിഭാഗത്തിന്റെ ആരോപണം നീനു നിഷേധിച്ചിരുന്നു. കെവിന്റെ ജോലിയെക്കുറിച്ചും സാമ്പത്തികനിലയെപ്പറ്റിയും തനിക്കു പൂര്‍ണബോധ്യമുണ്ടായിരുന്നു. തനിക്കു വിവാഹാലോചനകള്‍ വന്നതിനെത്തുടര്‍ന്നാണു കെവിനൊപ്പം ഇറങ്ങിയത്. വീട്ടുകാര്‍ തന്നെ അറിയിക്കാതെ വിവാഹപരസ്യം നല്‍കി. കെവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചിട്ടും പഠനം തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണു കെവിന്‍ തന്നെ ഹോസ്റ്റലിലാക്കിയതെന്നും നീനു കോടതിയില്‍ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2ZouAdB
via IFTTT

No comments:

Post a Comment