Pages

▼

Sunday, 25 August 2019

പാലായില്‍ ജോസ് കെ മാണി തന്നെ ഇറങ്ങാന്‍ സാധ്യത ; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജ്യസഭാംഗത്വം രാജിവെയ്ക്കാന്‍ ആലോചന?

കോട്ടയം: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് കേരളാകോണ്‍ഗ്രസില്‍ ജോസ് - ജോസഫ് പോര് ശക്തമാക്കിയിരിക്കെ ജോസ് കെ മാണി തന്നെ പാലായില്‍ കളത്തിലിറങ്ങിയേക്കാന്‍ സാധ്യത. നിഷാ ജോസ് കെ മാണിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും രാജ്യസഭാ എംപി സ്ഥാനം രാജിവെപ്പിച്ച് ജോസ് കെ മാണിയെ തന്നെ പാലാ ഉപ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ചര്‍ച്ചകളും സജീവമാണ്. ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് മറികടക്കാനും പിടിമുറുക്കാനും ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്നാണ് വിലയിരുത്തല്‍.

പല ഘടകങ്ങള്‍ വെച്ചാണ് ഇത്തരമൊരു സാഹചര്യം ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ പിന്തുണയ്ക്കുന്നത്. പാലായും കെ എം മാണിയും തമ്മിലുള്ള അഭേദ്യമായ ബന്ധം നില നിര്‍ത്താന്‍ മാണി കുടുംബത്തില്‍ നിന്നും ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്നതാണ് ജോസിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. നിഷാ ജോസ് കെ മാണിയുടെ പേരാണ് നേരത്തേ ഉയര്‍ന്നു കേട്ടതെങ്കിലും പി ജെ ജോസഫ് വിഭാഗം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി മതി എന്ന നിലപാട് എടുത്ത് എതിര്‍ക്കുകയാണ്. എന്നാല്‍ കെ.എം. മാണിയുടെ മകന്‍ പാലായില്‍ മത്സരിക്കാന്‍ ിറങ്ങിയാല്‍ ആരും എതിര്‍ക്കാന്‍ ഇടയില്ലെന്ന് ജോസ് വിഭാഗം കരുതുന്നു.

പാലായില്‍ ഒരിക്കല്‍ പോലും കീഴടങ്ങിയിട്ടില്ലാത്ത കെ എം മാണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ മാണി സി കാപ്പനെതിരേ 5000 വോട്ടുകള്‍ക്കാണ് ജയിച്ചത്. എന്നാല്‍ അതിന് പിന്നാലെ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന് 33,000 വോട്ടുകള്‍ പാലാ കനിഞ്ഞു നല്‍കി. ഈ രണ്ടു സാഹചര്യം നില്‍ക്കുമ്പോള്‍ ജോസ് കെ മാണി മത്സരിക്കാന്‍ ഇറങ്ങിയാല്‍ ഭൂരിപക്ഷം അരലക്ഷത്തിന് മുകളില്‍ എത്തുമെന്നാണ് ജോസ് വിഭാഗത്തിന്റെ കണക്കു കൂട്ടല്‍. ജോസ് കെ മാണിക്ക് കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ ഭൂരിപക്ഷവും ജോസ് കെ മാണിയെ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മത്സരിക്കാന്‍ ഇറങ്ങിയാല്‍ വന്‍ വിജയം നേടാമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ. 2009 ല്‍ 73,000 ഭൂരിപക്ഷം കിട്ടിയ ജോസ് കെ മാണി 2014 ല്‍ 1,15,000 ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ജോസ് കെ മാണിയുടെ ജനപിന്തുണ കൂടിയതിന്റെ സൂചനയായും അവര്‍ ഈ വിജയത്തെ കരുതുന്നു. നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ സിപിഎം വോട്ടുകള്‍ കൂടി കിട്ടുമെന്നാണ് ജോസ് വിഭാഗം കരുതുന്നത്. ജോസ് വിജയിച്ചാല്‍ വരുന്ന രാജ്യസഭാ സീറ്റ് ലക്ഷ്യമിടുന്ന സിപിഎം ജോസിനെ വിജയിപ്പിക്കാന്‍ വോട്ടു ചെയ്യുമെന്നും കണക്കു കൂട്ടുന്നു. ഇടതുപക്ഷത്ത് എന്‍സിപിയാണ് മത്സരിക്കുന്നതെന്നതിനാല്‍ സിപിഎം വോട്ടര്‍മാരുടെ സമ്മതിദാനം കൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കേരളാകോണ്‍ഗ്രസിലെ നിലവിലെ സാഹചര്യം ഭിന്നിപ്പിന്റെയും പരസ്പര മത്സരത്തിന്റെയുമാണ്. അതുകൊണ്ടു തന്നെ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ജോസഫ് വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നുമുണ്ട്. എന്നാല്‍ എംപി സ്ഥാനം രാജിവെച്ച് ജോസ് മത്സരിച്ചാല്‍ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് കുറയ്ക്കാന്‍ കഴിയുമെന്നും കരുതുന്നു. നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയില്‍ വലിയ ആശയക്കുഴപ്പത്തിനും കാരണമാകും. അതേസമയം ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ യുഡിഎഫ് എതിര്‍ത്തേക്കും. കാരണം രാജിവെച്ചാല്‍ പാര്‍ലമെന്റില്‍ യുപിഎ സാന്നിദ്ധ്യം കുറയുന്നു എന്നത് അവര്‍ ഉയര്‍ത്തിയേക്കാം. എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ത്തിട്ടും മുത്തലാക്കും, കശ്മീരും ഉള്‍പ്പെടെ ഒട്ടേറെ ബില്ലുകള്‍ വിജയിപ്പിച്ചെടുക്കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്നതിനാല്‍ യുപിഎ യുടെ വോട്ടുകയറുന്നത് ഗൗരവത്തില്‍ കാണേണ്ട കാര്യമില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ പറച്ചില്‍.

2018 ജൂണിലാണ് ജോസ് കെ മാണി രാജ്യസഭാംഗമാകുന്നത്. ആറു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകണമെങ്കില്‍ 2024 വരെ കാത്തിരിക്കണം. കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2021 ലേ നടക്കു. അതുകൊണ്ട് ഇപ്പോള്‍ തന്നെ മത്സരിച്ച് യുഡിഎഫ് നേതൃത്വത്തില്‍ എത്തണമെന്നാണ് പാര്‍ട്ടി പറയുന്നത്. കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടി പങ്കാളിയാകാന്‍ വേണ്ടിയാണ് രാജ്യസഭാംഗമാക്കി മാറ്റിയത്. അതുകൊണ്ടു തന്നെ പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകാന്‍ എംപി എന്നതിനേക്കാര്‍ എംഎല്‍എ ആകുന്നതാണ് നല്ലതെന്നും വിലയിരുത്തുന്നു.



from mangalam.com https://ift.tt/2MBxaH2
via IFTTT

No comments:

Post a Comment