Pages

Sunday, 25 August 2019

മാണി സി കാപ്പന്‍ ഇടതു സ്ഥാനാര്‍ത്ഥിയായേക്കും ; നിഷാ ജോസ് കെ മാണിയെ തള്ളി ജോസഫ് ; സമവായം കണ്ടെത്താനാകാതെ യുഡിഎഫ്

തിരുവനന്തപുരം: പാലായിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളാകോണ്‍ഗ്രസില്‍ പോര് രൂക്ഷമായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയകാര്യത്തില്‍ ജോസ് കെ മാണി വിഭാഗത്തെ തള്ളി പി ജെ ജോസഫ് രംഗത്ത് വന്നു. നിഷാ ജോസ് കെ മാണിയെ മത്സരിപ്പിക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം പിജെ ജോസഫ് തള്ളി. വിജയസാധ്യതയുള്ള ആളെ മത്സരിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം നിര്‍ണ്ണായകമാകുമെന്നും ജോസഫ് പ്രതികരിച്ചു.

പാലാ നിയമസഭാ മണ്ഡലത്തില്‍ സെപ്റ്റംബര്‍ 23 നാണ് ഉപതെരഞ്ഞെടുപ്പ്. നടക്കുന്നത്. 27ന് വോട്ടെണ്ണല്‍ നടക്കും. മാണിയുടെ ഒഴിവില്‍ നടക്കുന്ന മത്സരത്തില്‍ പാലായും കെ എം മാണിയും തമ്മിലുണ്ടായിരുന്ന ബന്ധം നില നിര്‍ത്താന്‍ മാണി കുടുംബത്തിലെ ഒരാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് മാണി വിഭാഗത്തിന്റെ പക്ഷം. എന്നാല്‍ പിജെ ജോസഫ് ഈ നീക്കത്തെ എതിര്‍ക്കുന്നു. പാര്‍ട്ടിയില്‍ നില നില്‍ക്കുന്ന പടലപിണക്കം നിലനിര്‍ത്തി സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തരുതെന്നും സമവായത്തില്‍ എത്തണമെന്നും കോണ്‍ഗ്രസ് ഇരു വിഭാഗത്തോടും പറഞ്ഞിട്ടുണ്ട്. പ്രശ്‌നം എങ്ങിനെ പരിഹരിക്കുമെന്നത് യുഡിഎഫിന് മുഴുവന്‍ തലവേദനയാണ്.

അതേസമയം മറുവശത്ത് പാലാ സീറ്റില്‍ എന്‍സിപിയുടെ മാണി സി കാപ്പന്‍ മത്സരിച്ചേക്കാനാണ് സാധ്യത. പാലാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ തള്ളിയിരുന്നു. എന്‍സിപിയ്ക്ക് കഴിഞ്ഞ തവണ നല്‍കിയ സീറ്റില്‍ അവര്‍ തന്നെ മത്സരിക്കുമെന്നാണ് ജില്ലാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തവണ ഇവിടെ മത്‌സരിച്ച മാണി സി കാപ്പന്‍ കെ എം മാണിയോട് തോറ്റിരുന്നെങ്കിലും മാണിയുടെ വോട്ട് ശതമാനത്തില്‍ വലിയ വ്യത്യാസം വരുത്താന്‍ കഴിഞ്ഞിരുന്നു.

ജില്ല നേതാവ് എന്‍ ഹരിയുടെ പേര് ബിജെപി പരിഗണനയിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പിസി തോമസും മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എന്‍ഡിഎ തീരുമാനം ഉണ്ടായാല്‍ മത്സരിക്കുമെന്ന് പിസി തോമസും പറഞ്ഞിട്ടുള്ളതായിട്ടാണ് വിവരം. കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന 28 മുതല്‍ സെപ്റ്റംബര്‍ നാലു വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. അഞ്ചിനു സൂക്ഷ്മപരിശോധന. ഏഴുവരെ പത്രിക പിന്‍വലിക്കാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും കോട്ടയം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നതോടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ മുന്നണികള്‍ നെട്ടോട്ടത്തിലാണ്.



from mangalam.com https://ift.tt/2U5bunK
via IFTTT

No comments:

Post a Comment