തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് അപമാനിച്ചു പുറത്താക്കിയെന്ന വികാരത്തില്‍ ഐ ഗ്രൂപ്പ്. നിയമസഭാകക്ഷിയിലെ അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ എത്തിയ ദേശീയനേതാക്കള്‍ സൂചന നല്കിയിരുന്നെങ്കില് രമേശ് ചെന്നിത്തല സ്വയം മാറിക്കൊടുക്കുമായിരുന്നു. അത്തരം തീരുമാനമില്ലെന്ന് പറഞ്ഞശേഷം അപമാനിക്കുകയായിരുന്നെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം രമേശ് ചെന്നിത്തലയുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് ഇപ്പോള്‍ പരോക്ഷമായി ചെയ്തിരിക്കുന്നതെന്ന വികാരമാണ് അവര്‍ക്കുള്ളത്. എം.എല്‍.എമാരുടെ മനസറിയാല് എത്തിയ മല്ലികാര്‍ജുന ഖാര്‍ഗേയും സംഘവും രമേശും ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചയിലും പ്രതിപക്ഷനേതാവിനെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന സൂചനയാണു നല്‍കിയത്.
എം.എല്‍.എമാരോട് അഭിപ്രായം തേടിയപ്പോള്‍ 14 പേര് രമേശിനെ പിന്തുണച്ചു. 4 പേര് മാത്രമാണ് സതീശനെ പിന്തുണച്ചതെന്നാണു ഐ ഗ്രൂപ്പ് പറയുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരിച്ചുപോകുമ്പോഴും രമേശ് ചെന്നിത്തലയോട് അദ്ദേഹം തന്നെയായിരിക്കും നേതാവ് എന്ന സൂചന നല്‍കിയിരുന്നതായി ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
അഞ്ചുവര്‍ഷം പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ശക്തമായി പ്രവര്‍ത്തിച്ചെങ്കിലും പാര്‍ട്ടിയില്‍നിന്നും വേണ്ടത്ര പിന്തുണയുണ്ടാകാത്താണു പ്രശ്നങ്ങളുടെ കാരണം. അദ്ദേഹം ഉമ്മന്‍ചാണ്ടിയെപ്പോലെ മൗനിയാകുമോയെന്നതിലും പാര്‍ട്ടിയില്‍ ആശങ്കയുണ്ട്.
ഏതാനും നാളു മുന്‍പു വരെ ദിവസം ഒന്നിലധികം പത്രസമ്മേളങ്ങള്‍ നടത്തിയിരുന്ന രമേശ് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച നിര്‍ണായക തീരുമാനം വന്നപ്പോള്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ് ചെയ്തത്. പലരീതിയിലും മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും രണ്ടുവരി പ്രസ്താവനയില്‍ പ്രതികരണം ഒതുക്കി. കൂടാതെ ഇന്നലെ വൈകിട്ട്തന്നെ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസ് അദ്ദേഹം ഒഴിയുകയും ചെയ്തു.
സതീശനെ പ്രതിപക്ഷനേതാവായി തീരുമാനിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ അറിയിപ്പ് ലഭിക്കുമ്പോള്‍ കൊല്ലത്ത് മരണമടഞ്ഞ ഒരു പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു രമേശ്. അവിടെ വച്ചും വഴിനീളേയും പലതരത്തിലും പ്രതികരണത്തിന് മാധ്യമങ്ങള്‍ ശ്രമിച്ചു. എന്നാല്‍, പ്രതികരണം ആവശ്യപ്പെടുമ്പോഴൊന്നും മാധ്യമങ്ങളെ നിരാശപ്പെടുത്താത്ത രമേശ് വഴങ്ങിയില്ല. പകരം സതീശനെ അഭിനന്ദിച്ചു പ്രസ്താവന ഇറക്കി.
അത് ഇത്രമാത്രം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി. സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു. വി.ഡി. സതീശന് അഭിനന്ദനങ്ങള്‍. എല്ലാ ആശംസകളും നേരുന്നു. തീരുമാനം നേതൃത്വം അറിയിച്ചിരുന്നെങ്കിലും സതീശന് നേരിട്ട് വിളിച്ച് രമേശിനോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച സഭയില്‍ കാണാമെന്നു പറഞ്ഞ് രമേശ് നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.
from mangalam.com https://ift.tt/2Sny9ik
via IFTTT
No comments:
Post a Comment