‘ഒറ്റുകാരനെന്ന് അവര്‍ കരുതി; അറ്റുപോയത് എന്റെ ജീവിതം’ ; ഓരോ നവംബര്‍ 23 വരുമ്പോഴും സുധാകരന്‍ നീറിപ്പുകം ; ഒരു തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ചിലര്‍ വിധിച്ചത് ജീവിതകാലം മുഴുവനുമുള്ള മരണം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 25 November 2020

‘ഒറ്റുകാരനെന്ന് അവര്‍ കരുതി; അറ്റുപോയത് എന്റെ ജീവിതം’ ; ഓരോ നവംബര്‍ 23 വരുമ്പോഴും സുധാകരന്‍ നീറിപ്പുകം ; ഒരു തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ചിലര്‍ വിധിച്ചത് ജീവിതകാലം മുഴുവനുമുള്ള മരണം

കണ്ണൂര്‍: പത്തുവര്‍ഷം മുമ്പു നടന്ന തദ്ദേശതെരഞ്ഞെടുപ്പിന്റ ഫലപ്രഖ്യാപനദിനം. കൊത്തിനുറുക്കപ്പെട്ട ശരീരത്തില്‍ ശേഷിക്കുന്ന ജീവന്റെ തുടിപ്പുമായി അന്നത്തെ ഓര്‍മകള്‍ ഇപ്പോഴും സുധാകരന്‍ പുഞ്ചക്കാടിനെ നടുക്കുന്നു. പുനര്‍ജന്മത്തിന്റെ പത്തുവയസ് എന്നാണു സുധാകരന്‍ ഈ കാലയളവിനെ വിശേഷിപ്പിക്കുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ പുത്തന്‍കൂറ്റുകാരായ ചിലര്‍ 2010 നവംബര്‍ 23-നു തനിക്കു മരണവാറന്റുമായെത്തിയത് ഓര്‍മിക്കുമ്പോള്‍ ശരീരത്തിനേറ്റതിനെക്കാള്‍ മനസിനേറ്റ മുറിവുകളാണു വിങ്ങുന്നത്.

ഓരോ നവംബര്‍ 23 വരുമ്പോഴും ആ മുറിവുകള്‍ നീറിപ്പുകയുന്നു. കാലം എല്ലാ മുറിവുകളും ഉണക്കില്ലേയെന്നു ചോദിച്ച സുഹൃത്തുക്കള്‍ക്കു മറുപടിയായി എഴുത്തുകാരന്‍ ബെന്യാമിന്റ വാക്കുകളാണു സുധാകരന്‍ കഴിഞ്ഞദിവസം സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ''നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. ഞാനുഭവിച്ച വേദനകളും സങ്കടങ്ങളും ദുഃഖങ്ങളും എന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. അത് ഓര്‍ത്തിരിക്കാനുള്ള അവകാശമെങ്കിലും നിങ്ങളെനിക്ക് അനുവദിച്ചുതരണം.''

ഒരു തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാപഭാരം ചുമത്തിയാണു ജീവിതകാലം മുഴുവന്‍ സി.പി.എമ്മുകാരനായിരുന്ന സുധാകരനു മരണശിക്ഷ വിധിക്കാന്‍ ചിലര്‍ തുനിഞ്ഞത്. ബാലസംഘം മുതല്‍ ആരംഭിക്കുന്നു പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശിയായ സുധാകരന്റെ പാര്‍ട്ടി ബന്ധം. പാര്‍ട്ടിതന്നെയായിരുന്നു കുടുംബം. പാര്‍ട്ടിയില്‍നിന്ന് എന്തു കിട്ടുമെന്നല്ല, പാര്‍ട്ടിക്ക് എന്തു കൊടുക്കാനാകുമെന്നായിരുന്നു ആലോചന. പ്രവാസജീവിതത്തിലെ ആദ്യശമ്പളം പോലും പാര്‍ട്ടിക്ക് അയച്ചുകൊടുത്തു.

മതത്തില്‍നിന്നു മാര്‍ക്‌സിസത്തിലേക്കു വലിയ ദൂരമില്ലെന്ന ബോധ്യത്തില്‍നിന്നാണു പ്രസ്ഥാനവുമായി ചില വിയോജിപ്പുകള്‍ പങ്കുവച്ചത്. തുടര്‍ന്ന്, 2010-ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സുധാകരന്റെ വാര്‍ഡില്‍ സി.പി.എം. തോറ്റത് ഇത്തരം വിമര്‍ശനങ്ങള്‍ മൂലമാണെന്നു നേതൃത്വം കണ്ടെത്തി. തോല്‍വിയുടെ കാരണക്കാരനെന്ന കുറ്റം ചാര്‍ത്തപ്പെട്ടതോടെ നവംബര്‍ 23-നു െവെകിട്ട് കാലദൂതുമായി ഒരു കറുത്ത വാഗണ്‍ആര്‍ കാര്‍ സുധാകരനു മുന്നിലെത്തി. രണ്ട് ബോബ്, 17 വെട്ട്...മരണമുറപ്പാക്കി, അക്രമികള്‍ കടന്നു.

വെട്ടിനുറുക്കപ്പെട്ട ശരീരം നാട്ടുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ ജീവിതത്തോടു യാത്രപറയാന്‍ ഒരുങ്ങുകയായിരുന്നു താനെന്നു സുധാകരന്‍ പറയുന്നു. അറ്റുവീണ െകെവിരലുകള്‍, കാല്‍മുട്ട്, പാദം എല്ലാം ഒരുവിധത്തില്‍ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. ജീവിതത്തിലേക്കു മടങ്ങിവന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തെക്കുറിച്ചായി ആധി. മംഗലാപുരത്തും കോഴിക്കോട്ടുമായി ദീര്‍ഘകാലത്തെ തുടര്‍ചികിത്സ. െകെകാലുകളില്‍ പല ഭാഗത്തും രക്തയോട്ടമില്ല.

നടക്കാനോ ജോലിക്കു പോകാനോ സാധിക്കുമെന്നു വിദൂരപ്രതീക്ഷ പോലും ഇല്ലാതായപ്പോള്‍ 2011-ല്‍ 'ദയാവധം' ആവശ്യപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനു കത്തെഴുതി. പാര്‍ട്ടിയുടെ കൊലയാളിസംഘമാണ് ഈ വിധത്തിലാക്കിയതെന്നും അവരോടു പറഞ്ഞ് ജീവിതം അവസാനിപ്പിച്ചു തരണമെന്നുമായിരുന്നു അഭ്യര്‍ഥന. പിന്നീട്, പാര്‍ട്ടി സംസ്ഥാനനേതാക്കള്‍ വിളിച്ചു, ഉത്തരവാദപ്പെട്ടവര്‍ വീട്ടില്‍ വന്നു... തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുമെന്നും പറഞ്ഞു. ഒന്നും സംഭവിച്ചില്ല. ഭാര്യ സരിതയ്ക്കു പി.എസ്.സി. വഴി ജോലി ലഭിച്ചതുകൊണ്ടു മാത്രം ജീവിതം വീണ്ടും തളിര്‍ത്തുതുടങ്ങി.



from mangalam.com https://ift.tt/33lz6dA
via IFTTT

No comments:

Post a Comment

Pages