കോട്ടയം: യു.ഡി.എഫ്. യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ, പാലായില്‍ മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ഇ.ജെ. ആഗസ്തി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിഞ്ഞു. പതിറ്റാണ്ടുകളോളം കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ച ആഗസ്തി കെ.എം. മാണിയുടെ വിശ്വസ്തനുമായിരുന്നു. അദ്ദേഹത്തിനു ജോസഫ് വിഭാഗവുമായും അടുത്തബന്ധമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകളില്‍ ജോസ് കെ. മാണിയുടെ ഭാര്യ നിഷയുടെ പേരാണ് ഏറെ ഉയര്‍ന്നുകേട്ടത്. എന്നാല്‍, പാര്‍ട്ടി എകകണ്ഠമായി തീരുമാനിച്ചാലേ മത്സരിക്കൂവെന്ന നിലപാടിലാണു നിഷ. ഇതോടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി ആഗസ്തി പരിഗണിക്കപ്പെടുന്നത്.
സ്ഥാനാര്‍ഥി ആഗസ്തിയെങ്കില്‍ ജോസഫ് വിഭാഗവും പിന്തുണയ്ക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും അനുകൂലനിലപാടാണ്. മാണിയുടെ കുടുംബത്തില്‍നിന്ന് ഒരാള്‍ മത്സരിക്കണമെന്ന വാദവും ശക്തമാണ്. ജോസ് കെ. മാണിതന്നെ മത്സരിക്കണമെന്ന ആവശ്യമാണു ചില നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ രാജ്യസഭാംഗമായ ജോസ്, രാജിവച്ച് മത്സരിക്കുന്നതിനോടു കോണ്‍ഗ്രസിനു യോജിപ്പില്ല. നിഷയും ആഗസ്തിയും പിന്‍മാറിയാല്‍, പിന്നീടു പ്രധാനമായും പരിഗണിക്കപ്പെടുന്നത് കോട്ടയം ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റ് ഫിലിപ്പ് കുഴികുളമാണ്. ദീര്‍ഘകാലമായി കേരളാ കോണ്‍ഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റാണു ഫിലിപ്പ്.
പാലാ സീറ്റ് കേരളാ കോണ്‍ഗ്രസി(എം)നുതന്നെ നല്‍കാന്‍ യു.ഡി.എഫ്. യോഗത്തില്‍ തീരുമാനമായെങ്കിലും പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ ഭിന്നിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം വഴിമുട്ടി. സ്ഥാനാര്‍ഥിയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ മൂന്നുദിവസത്തിനുള്ളില്‍ പരിഹരിച്ച് അന്തിമതീരുമാനമെടുക്കാനാണു യു.ഡി.എഫ്. നേതൃത്വത്തിന്റെ നിര്‍ദേശം. സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കുന്നതിനെ മറ്റു ഘടകകക്ഷികള്‍ എതിര്‍ത്തില്ല. എന്നാല്‍, പാര്‍ട്ടിയിലെ തര്‍ക്കം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നു മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച്, ആവശ്യമെങ്കില്‍ കേരളാ കോണ്‍ഗ്രസിന് അന്ത്യശാസനം നല്‍കണമെന്നും മറ്റു ഘടകകക്ഷികള്‍ അഭിപ്രായപ്പെട്ടു.
ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥി ആരെന്നതും ചിഹ്‌നം അനുവദിക്കുന്നതുമായിരുന്നു തര്‍ക്കം. കെ.എം. മാണി മത്സരിച്ചിരുന്ന സീറ്റിന് ജോസഫ് വിഭാഗം അവകാശവാദമുന്നയിക്കുന്നില്ലെങ്കിലും അക്കാര്യം ഉഭയകക്ഷിചര്‍ച്ചയില്‍ വ്യക്തമാക്കിയില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യത മാത്രമാകണം പരിഗണനയെന്നു പി.ജെ. ജോസഫും മോന്‍സ് ജോസഫും ജോയി ഏബ്രഹാമും ആവശ്യപ്പെട്ടു.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനും ചിഹ്‌നം അനുവദിക്കാനുമുള്ള അവകാശം തങ്ങള്‍ക്കു വേണമെന്നും ജോസഫ് പക്ഷം ആവശ്യപ്പെട്ടു. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതു കോടതി അംഗീകരിക്കാത്തതിനാല്‍ അധികാരം ജോസഫിനാണെന്നായിരുന്നു വാദം. ഇത് അംഗീകരിക്കാന്‍ ജോസ് പക്ഷം തയാറല്ല. മാണിയുടെ സീറ്റില്‍ സ്ഥാനാര്‍ഥിയെ തങ്ങള്‍ തീരുമാനിച്ച്, പ്രഖ്യാപിക്കുമെന്നാണു ജോസ് പക്ഷത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയാവകാശം വിട്ടുകൊടുക്കാനാവില്ല. ചിഹ്‌നവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായാല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷനും തീരുമാനിക്കട്ടെയെന്ന നിലപാടാണു ജോസും റോഷി അഗസ്റ്റിനും സ്വീകരിച്ചത്.
from mangalam.com https://ift.tt/30xav1T
via IFTTT
No comments:
Post a Comment